കണ്ണൂർ: ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് ജില്ലയിൽ കുട്ടി മരിച്ചതോടെ കണ്ണൂരിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ. കോർപറേഷൻ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
കണ്ണൂർസിറ്റി മേഖലയിലെ ഹോട്ടൽ അജ്മീർ, ഫലാഫിൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഇറച്ചി, ഷവർമയുടെ ബാക്കിയായ ഇറച്ചി എന്നിവ പിടിച്ചെടുത്തത്. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനക്ക് കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രേമരാജൻ, സിദ്ദീഖ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഉദയ കുമാർ, ഹംസ, ലിജിന എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
തട്ടുകടകൾ അടപ്പിച്ചു
ഇരിട്ടി: ഇരിട്ടി പാലത്തിന് സമീപം തളിപ്പറമ്പ് റോഡരികിൽ പൊതുമരാമത്ത് സ്ഥലത്ത് പന്തൽകെട്ടി പ്രവർത്തിച്ച രണ്ടു തട്ടുകടകൾക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പൂട്ടുവീണു. മലിനജലം ഓവുചാലിലൂടെ പഴശ്ശി ജലസംഭരണിയിലേക്ക് ഒഴുക്കിവിടുന്നതും, വൃത്തിഹീനമായ ചുറ്റുപാടിലുമാണ് തട്ടുകട പ്രവർത്തിക്കുന്നതെന്നും ഒരുവിധ ലൈസൻസും ഇല്ലാതെയാണ് ഇതിന്റെ പ്രവർത്തനമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പായം പഞ്ചായത്ത് അധികൃതരും വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യവകുപ്പ് അധികൃതരും എത്തി ഉടമകൾക്ക് നോട്ടീസ് നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ്, ജെ.എച്ച്.ഐ.മാരായ മുഹമ്മദ് സലീം, മനോജ് ജേക്കബ്, അബ്ദുല്ല, പായം പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ലതീഷ് എന്നിവരാണ് നേരിട്ടെത്തി നോട്ടീസ് നൽകി തട്ടുകട അടക്കാൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.