കണ്ണൂർ: സ്പോർട്സ് ഡിവിഷൻ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്ച രാത്രിയിൽ വയറുവേദനയും ഛർദ്ദിയുമായി 13 കുട്ടികൾ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
ജൂൺ 14ന് 54 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഭക്ഷണമെനുവിലുണ്ടായ മാറ്റമാണ് കുട്ടികൾക്ക് തുടർച്ചയായി ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നതെന്ന ആരോപണം ശക്തമാണ്.
തിങ്കളാഴ്ച ശാരീരിക അസ്വസ്ഥത അനുഭവപെട്ട നാലുപേരാണ് ആദ്യം ആശുപത്രിയിൽ എത്തിയത്. തുടർന്ന് രാത്രി വൈകി ഒമ്പതുപേർ കൂടി ചികിത്സ തേടി. കഴിഞ്ഞയാഴ്ചയും ഹോസ്റ്റലിൽ രാത്രി ഭക്ഷണത്തിന് ശേഷമാണ് വിദ്യാർഥിനികൾക്ക് കടുത്ത വയറുവേദനയും ഛർദിയുമുണ്ടായത്.
സംഭവത്തെ തുടർന്ന് ജില്ല ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ വിഭാഗവും ഹോസ്റ്റലിൽ പരിശോധന നടത്തി കുടിവെള്ളം, ഓയിൽ, അച്ചാർ, സോസ്, മുളകുപൊടി എന്നിവയുടെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
224 വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഈ അധ്യയന വർഷം മുതൽ ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിരുന്നു. നേരത്തെ കേരള രീതിയിലുള്ള ഭക്ഷണമാണ് നൽകിയിരുന്നത്. ഇപ്പോൾ എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങളാണ് കൂടുതലും.
പുതിയ ഭക്ഷ്യ വിതരണ ഏജൻസി എണ്ണ അധികമുള്ള ഭക്ഷണമാണ് കൂടുതലായും നൽകുന്നതെന്ന് കുട്ടികളും പരാതി പറയുന്നു. കഴിഞ്ഞതവണ ഭക്ഷ്യ വിഷബാധയുണ്ടായപ്പോൾ ഭക്ഷണ മെനു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.