തില്ലങ്കേരിയിൽ സ്​കൂൾ വളപ്പിൽ നാല്​ ബോംബുകൾ കണ്ടെത്തി

ഇരിട്ടി: തില്ലങ്കേരി വാഴക്കാല്‍ ഗവ യു പി സ്‌കൂള്‍ വളപ്പിൽ ഒളിപ്പിച്ച നിലയിൽ നാല്​ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് പെയിന്‍റ്​ ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ബോംബ്​ സ്‌ക്വാഡ് എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി.

തിങ്കളാഴ്ച വൈകീട്ട്​ നാലു മണിയോടെയാണ്​ മതിലിനോട് ചേര്‍ന്ന് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. അധ്യാപകര്‍ സ്​കൂൾ വളപ്പിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് ബക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോൾ ബോംബ്​ കാണുകയായിരുന്നു.

മുഴക്കുന്ന് പോലീസിനെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എസ്​.ഐ പി റഹീമിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും ചെയ്തു. ആദ്യം ഒരു ബോംബ് മാത്രമായിരുന്നു ബക്കറ്റിനുള്ളില്‍ കാണാന്‍ കഴിഞ്ഞത്. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും മുഴക്കുന്ന് സി.ഐ എം.കെ സുരേഷും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ബക്കറ്റിനുള്ളില്‍ മൂന്ന് ബോംബുകള്‍ കൂടി കണ്ടെത്തിയത്. പ്ലാസ്റ്റിക്​ ബോളിൽ നിർമിച്ച്​ ഇന്‍സുലേഷന്‍ ചെയ്ത മഞ്ഞയും നീലയും നിറങ്ങളിലുള്ള ബോംബ്​ പേപ്പറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു. ആളൊഴിഞ്ഞ ക്വാറിയില്‍വെച്ച്​ ഇവ നിര്‍വീര്യമാക്കി.

സംഭവമറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്തെത്തിയിരുന്നു. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ ബോംബുകള്‍ കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ബോളാണെന്ന് കരുതി ബോംബ് തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് തില്ലങ്കേരി പടിക്കച്ചാലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയിലാണ് തില്ലങ്കേരിയില്‍ തന്നെ സ്‌കൂള്‍ വളപ്പിൽ ബോംബുകള്‍ കണ്ടെത്തിയത്.

Tags:    
News Summary - Four bombs found on school premises in Thillankeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT