കണ്ണൂർ: കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതിയിൽ രണ്ടാമനായിരുന്നു പി.പി. ദിവ്യ. ഇനി ഒന്നാമനിലേക്കുള്ള പുതിയ നിയോഗമാണ് ചൊവ്വാഴ്ച പി.പി. ദിവ്യയിൽ നിക്ഷിപ്തമായത്. അടുത്ത അഞ്ചുവർഷം പ്രസിഡൻറായി പി.പി. ദിവ്യ ജില്ല പഞ്ചായത്തിനെ നയിക്കും. സി.പി.എമ്മിെൻറ തട്ടകമായ കല്യാശ്ശേരി ഡിവിഷനിൽ നിന്നാണ് ദിവ്യ ജയിച്ചത്. കഴിഞ്ഞ തവണ കടന്നപ്പള്ളി ഡിവിഷനിലെ ജനപ്രതിനിധിയായിരുന്നു. കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡൻറായി ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ദിവ്യ ഏറെ ആത്മ വിശ്വാസത്തോടെയാണ് പുതിയ നിയോഗം ഏറ്റെടുത്തത്.
എസ്.എഫ്.െഎയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ദിവ്യ സംഘടന പാടവം തെളിയിച്ചാണ് നേട്ടങ്ങളുടെ പടികയറുന്നത്. സി.പി.എം ജില്ല കമ്മിറ്റിയംഗം, ഡി.വൈ.എഫ്.െഎ കേന്ദ്ര കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇരിണാവ് സ്വദേശിയാണ്. കണ്ണൂർ സർവകലാശാല യൂനിയൻ വൈസ് ചെയർമാനും സംസ്ഥാന വനിത ഫുട്ബാൾ ടീം അംഗവുമായിരുന്നു. കണ്ണൂർ മെഡിക്കൽ കോളജ് ജീവനക്കാരനായ വി.പി. അജിത്താണ് ഭർത്താവ്. മകൾ തേജസ്വിനി. പന്ന്യന്നൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ഇ. വിജയൻ പുതിയ ജില്ല പഞ്ചായത്തിലെ ഏറ്റവും മുതിർന്ന അംഗമാണ്.
തില്ലേങ്കരി ഡിവിഷനിൽ മത്സരിക്കുന്ന ബിനോയ് കുര്യനെയായിരുന്നു സി.പി.എം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായി തീരുമാനിച്ചിരുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ഇവിടത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ജനുവരി 21ന് തില്ലേങ്കരി ഡിവിഷൻ തെരഞ്ഞെടുപ്പ് നടക്കും. ജയിച്ചാൽ ബിനോയ് കുര്യനാകും അടുത്ത വൈസ് പ്രസിഡൻറ്. അതുവരെ ഇ. വിജയൻ വൈസ് പ്രസിഡൻറായി തുടരും. സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗവും സി.െഎ.ടി.യു ഏരിയ സെക്രട്ടറിയുമാണ് ഇ. വിജയൻ. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ്, പന്ന്യന്നൂർ സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. ചോതാവൂർ ഇൗസ്റ്റ് എൽ.പി സ്കൂൾ പ്രധാനാധ്യാപകനാണ്. താഴെ ചമ്പാട് സ്വദേശിയാണ്. റിട്ട. അധ്യാപിക സൗമിനിയാണ് ഭാര്യ. മക്കൾ: മിനീഷ്, ജയീഷ.
ജില്ല വരണാധികാരി കൂടിയായ ജില്ല കലക്ടർ ടി.വി. സുഭാഷിെൻറ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പുതിയ പ്രസിഡൻറ് പി.പി. ദിവ്യക്ക് ജില്ല കലക്ടർ ടി.വി. സുഭാഷും വൈസ് പ്രസിഡൻറ് ഇ. വിജയന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.