കണ്ണൂർ: മാലിന്യ മുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഗ്രേഡിങ് നല്‍കുന്നത് ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനതല ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് സ്ക്വാഡുകള്‍ക്ക് നിർദേശം നല്‍കും.
പരിശോധനയില്‍ 50 ശതമാനത്തില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അപാകതകള്‍ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് നോട്ടിസ് അയക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍, അർധ സര്‍ക്കാര്‍, കോർപറേഷനുകള്‍, മിഷനുകള്‍, അതോറിറ്റികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഓഫിസുകള്‍ എന്നിവയിലാണ് പരിശോധന നടത്തുക.
പരിശോധനയിലൂടെ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് നല്‍കുന്നതിന് യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലയിലെ 26 വളന്റിയര്‍മാര്‍, ശുചിത്വമിഷന് റിസോഴ്സ് പേഴ്സൺമാര്‍, യങ് പ്രഫഷനലുകൾ, കിലയുടെ തീമാറ്റിക് എക്സ്പേര്‍ട്ടുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ടീമുകള്‍ രൂപവത്കരിക്കും.
ഫ്ലക്സ് പ്രിന്റിങ് സ്ഥാപനങ്ങള്‍ ഓറഞ്ച് വിഭാഗത്തില്‍ വരുന്നതിനാല്‍ നിര്‍ബന്ധമായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി പത്രം വാങ്ങണമെന്നും ഇതിനുള്ള കൃത്യമായ നിര്‍ദേശം ബോര്‍ഡ് എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
മിക്ക സ്ഥാപനങ്ങള്‍ക്കും ഇതിനെകുറിച്ച് ധാരണയില്ലാത്തതിനാല്‍ വലിയ തോതില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടലുകള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
ജില്ലയിലെ ഹരിത കര്‍മ സേനകളുടെ കണ്‍സോര്‍ട്യം അക്കൗണ്ടുകളില്‍ 50,000 രൂപക്ക് മുകളില്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ വലിയ തുക നഷ്ടമാകുന്നത് പരിഗണിച്ച് കണ്സോര്ട്യങ്ങളെ ക്ലസ്റ്ററുകള്‍ ആക്കി മാറ്റി അക്കൗണ്ടുകള്‍ ക്ലസ്റ്ററുകളുടെ പേരില്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം നല്കി.
ജില്ലയിലെ അജൈവമാലിന്യം നീക്കം നടത്തുന്ന പ്രൈവറ്റ് ഏജന്‍സികളുടെ യോഗം തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ 19 ന് വൈകീട്ട് മൂന്നിന് ചേരും. ഹോട്ടലുകളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലതല കമ്മിറ്റി രൂപവത്കരിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഹരിത കേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, ശുചിത്വമിഷന് ജില്ല കോഓഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, കില ജില്ല കോഓഡിനേറ്റര്‍ പി.വി. രത്നാകരന്, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ കെ. പ്രസീത തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.