തളിപ്പറമ്പ്: തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നടക്കുന്ന എൻ.സി.സിയുടെ ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭക്ഷണശാലയിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. ക്യാമ്പിന്റെ അവസാനദിവസമായ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഭക്ഷണം തയാറാക്കുമ്പോൾ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. കാന്റീൻ ജീവനക്കാർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കവേ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി. ഉടൻതന്നെ സേനാംഗങ്ങൾ ചേർന്ന് തീയണക്കുകയും വാതകചോർച്ച പരിഹരിച്ച് സിലിണ്ടർ കാന്റീന് പുറത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
പാചകം ചെയ്തുകൊണ്ടിരുന്ന വലിയ സ്റ്റൗ സിലിണ്ടറിൽനിന്ന് ഒരടിമാത്രം അകലത്തിലായിരുന്നു വെച്ചിരുന്നത്. റെഗുലേറ്ററുമായി ബന്ധിപ്പിച്ചിരുന്ന ട്യൂബിന്റെ അറ്റം ഇളകി അതുവഴി ഗ്യാസ് ചോർച്ചയുണ്ടായി അടുപ്പിൽനിന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു സിലിണ്ടറുകൾ മാറ്റി ഉടൻതന്നെ തീയണക്കാൻ സാധിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ജീവനക്കാരായ പി.വി. ദയാൽ, പി.വി. ഗിരീഷ്, ടി.വി. രജീഷ് കുമാർ, കെ. സജീന്ദ്രൻ, സി.പി. രാജേന്ദ്രകുമാർ, പി.കെ. സുഗതൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കേരളം, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള 600ഓളം കാഡറ്റുകളും ഓഫിസർമാരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.