ചൊക്ലി: പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് സ്വർണ പണയ തട്ടിപ്പ് സംഘം സജീവം. നിശ്ചിത കാലാവധി കഴിഞ്ഞ് സ്വർണം തിരിച്ചെടുക്കാൻ ഏജന്റുമാരെ സമീപിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെടുന്നത്. സമാന്തര ബാങ്ക് പോലെ പ്രവർത്തിക്കുന്ന സംഘം കണ്ണൂർ -കോഴിക്കോട് ജില്ലകളിലാണ് പിടിമുറുക്കിയത്.
സ്വർണത്തിന്റെ 80ശതമാനം തുകയും വായ്പയായി ലഭിച്ചതിനാൽ പലരും പരാതി നൽകുന്നില്ലെന്നതാണ് തട്ടിപ്പ് സംഘത്തിന് സൗകര്യമാകുന്നത്. തലശ്ശേരി, കതിരൂർ, മുതിയങ്ങ, ചൊക്ലി, പെരിങ്ങത്തൂർ, മത്തിപറമ്പ്, പുല്ലൂക്കര കോഴിക്കോട് ജില്ലയിലെ തൊട്ടിൽപാലം, കുറ്റ്യാടി, നാദാപുരം, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. ചില ബാങ്കുകളിലെ അപ്രൈസർമാരും സംഘത്തെ സഹായിക്കുന്നുണ്ടെന്നാണ് സൂചന.
ബാങ്കിൽ സ്വർണം പണയം വെക്കാനെത്തുന്ന ചിലരെ സംഘത്തിന് അടുത്തേക്ക് പറഞ്ഞുവിടുകയാണ് അപ്രൈസറുടെ ജോലി. ബാങ്കിലേതിനേക്കാൾ വലിയ തുക കിട്ടുന്നതും പലിശ ഇല്ലാത്തതുമെല്ലാം അപ്രൈസർമാർ ബോധ്യപ്പെടുത്തുന്നുണ്ട്. ഒറ്റനോട്ടത്തിൽ വിശ്വാസ്യത തോന്നിപ്പിക്കുന്ന വിധമാണ് ഏജന്റുമാരുടെയും പെരുമാറ്റം. സ്വർണം ഉപഭോക്താവിന്റെ മുന്നിൽവെച്ച് തൂക്കി കൃത്യമായ തുകയും രശീതിയും നല്കുന്നു.
പണയ കാലാവധി കഴിഞ്ഞ് സ്വർണം തിരികെ ചോദിച്ചെത്തുന്നവർ ‘വലിയ കുഴപ്പ’ക്കാർ ആണെങ്കിൽ വേഗം തിരിച്ചുനൽകുന്നതാണ് സംഘത്തിന്റെ രീതി. അല്ലാത്തവരുടേത് പല കാരണങ്ങൾ പറഞ്ഞ് തിരിച്ചുനൽകില്ല. ആളുകൾക്ക് കണ്ട് പരിചയമുള്ള ഏജന്റുമാരായതിനാൽ ആർക്കും സംശയമൊന്നും തോന്നാറില്ല.
പെരിങ്ങത്തൂർ സ്വദേശികളായ കുടുംബം മകളുടെ വിവാഹ ആവശ്യാർഥം സ്വർണം തിരിച്ചെടുക്കുന്നതിന് സമീപിച്ചപ്പോൾ സ്വർണം സൂക്ഷിച്ച ഗോഡൗൺ പൊലീസ് നിരീക്ഷണത്തിലാണെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. ഗത്യന്തരമില്ലാതെ തലശ്ശേരിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും പുതിയ സ്വർണം വാങ്ങി നൽകുകയും ചെയ്തു.
കഴിഞ്ഞദിവസം സ്വർണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് അണിയാരത്തെ ഒരു ഏജന്റിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെരിങ്ങത്തൂർ സ്വദേശിയാണ് സംഘത്തലവനെന്നാണ് നാട്ടുകാർ പറയുന്നത്. തട്ടിപ്പ് സംഘത്തെക്കുറിച്ച് പൊലീസ് രഹസ്യാനേഷണ വിഭാഗത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പണയമായി ലഭിക്കുന്ന സ്വർണം വിൽക്കുകയോ കള്ളപ്പണം വെളുപ്പിക്കുകയോ ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.