തളിപ്പറമ്പ്: തളിപ്പറമ്പ് ജെ.സി.ഐ ഗോൾഡൻ ഡ്രീംസ് നിർമിച്ച ഹൈവേ ഗ്രാമഫോൺ കിണറിന്റെ ഉദ്ഘാടനം ബുധനാഴ്ച തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ നിർവഹിക്കും.
തളിപ്പറമ്പ് നഗരസഭ നടത്തുന്ന നഗര സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തളിപ്പറമ്പ് ദേശീയപാതയോടു ചേർന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊതുകിണറിനെ ഗ്രാമഫോണിന്റെ രൂപത്തിലേക്ക് മാറ്റിയത്. ജെ.സി.ഐ തളിപ്പറമ്പ് ഗോൾഡൻ ഡ്രീംസിന്റെ നേതൃത്വത്തിലാണ് കിണറിന്റെ രൂപം മാറ്റിയത്. നൂറുവർഷത്തിലേറെ പഴക്കമുള്ള കിണർ നാലു ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്. കോട്ടയം കുറുക്കച്ചാലിലെ ചിത്രകലാ ആർട്ടിലെ അഖിലിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് കിണറിന് രൂപമാറ്റം വരുത്തിയത്. കാലപ്പഴക്കംകൊണ്ടും വാഹനങ്ങളിടിച്ചും തകർച്ചഭീഷണിയിലായ ചുറ്റുമതിൽ രണ്ടുമാസത്തോളമെടുത്താണ് പുതുക്കിപ്പണിത് ഗ്രാമഫോണിന്റെ രൂപത്തിലേക്ക് മാറ്റിയത്.
തിരക്കുള്ള ദേശീയപാതയോരത്തെ കിണറിന്റെ വലുപ്പം യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം സൃഷ്ടിച്ചിരുന്നു. രൂപമാറ്റം വരുത്തിയതിനൊപ്പം ചുറ്റുമതിലിന്റെ വലുപ്പവും ചുരുക്കിയിട്ടുണ്ട്. വഴിയാത്രക്കാർക്ക് വെള്ളം കോരിക്കുടിക്കുന്നതിനുള്ള സൗകര്യവും നാൽക്കാലികൾക്ക് വെള്ളം കുടിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കിണറിന്റെ വലുപ്പം കോൺക്രീറ്റ് ചെയ്ത് ചുരുക്കിയതോടെ ദേശീയപാതയിലെ ഗതാഗതത്തിനും സൗകര്യമേറി. ജെ.സി.ഐ പ്രസിഡന്റ് എസ്. ഷിഹാബുദ്ദീൻ, സെക്രട്ടറി ജാഫർ ബദരിയ, ട്രഷറർ കെ.പി. നിസാർ, സോന റഷീദ്, സുബൈർ സൂപ്പർവിഷൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.