കണ്ണൂർ: അഴീക്കലില്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖം നിര്‍മിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക തികവാര്‍ന്ന ഡിസൈന്‍ തയാറാക്കും. ഇതിനായി ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയതായി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ അറിയിച്ചു.
കെ.വി. സുമേഷ് എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അഴീക്കലില്‍ 14.2 മീറ്റര്‍ വരെ ആഴത്തിൽ, കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന ഗ്രീന്‍ഫീല്‍ഡ് തുറമുഖ നിര്‍മാണത്തിന് മുഖ്യമന്ത്രി ചെയര്‍മാനായി മലബാര്‍ ഇന്റര്‍നാഷനല്‍ പോര്‍ട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിവരുകയാണ്. ഡി.പി.ആര് തയാറാക്കുന്നതിന്റെ ഭാഗമായുള്ള ജിയോ സാങ്കേതിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്നാണ് കൂടുതല്‍ പഠനം നടത്തി സാങ്കേതിക തികവാര്‍ന്ന ഡിസൈന്‍ തയാറാക്കാന്‍ ചെന്നൈ ഐ.ഐ.ടിയോട് നിര്‍ദേശിച്ചത്. ഇതിന് സമാന്തരമായി റോഡ്, റെയില്‍ വികസനത്തിനാവശ്യമായ ഭൂമി സർവേ ചെയ്ത് അതിരടയാളം നിശ്ചയിക്കുന്നതിനും നടപടി സ്വകീരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് തുറമുഖം ഉത്തര മലബാറിലെ ജനങ്ങളും വ്യവസായ സമൂഹവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ്.
പദ്ധതി പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ലെയ്സണ്‍ ഓഫിസ് ആരംഭിക്കുന്നത് ഗുണകരമായിരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.