തലശ്ശേരി: കതിരൂർ പഞ്ചായത്ത് പെൺകതിർ പദ്ധതിയിൽ പൊന്ന്യം സ്രാമ്പിയിൽ ഒരുക്കിയ വനിത ഫിറ്റ്നസ് സെൻറർ പ്രവർത്തന സജ്ജമായി. ഞായറാഴ്ച രാവിലെ 10 ന് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സ്ത്രീകളുടെ ആരോഗ്യം, കല, സാംസ്കാരികം, കായികം മേഖലകൾ ഉൾക്കൊള്ളിച്ചാണ് പദ്ധതി തയാറാക്കിയത്. അഞ്ചു ലക്ഷം രൂപ ചെലവിൽ സെൻററിലേക്കാവശ്യമായ ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. യോഗ്യതയും പരിചയസമ്പന്നതയുമുള്ള പരിശീലകയെയും നിയോഗിച്ചു കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിൽ ഈയിടെ നടത്തിയ സർവേയിൽ ഇവിടത്തെ പെൺകുട്ടികളിലും യുവതികളിലും വ്യായാമക്കുറവിനാലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകൾക്ക് മാത്രമായി വ്യായാമ കേന്ദ്രം വേണമെന്ന് തീരുമാനിച്ചത്. പൊന്ന്യം സ്രാമ്പിയിലെ സൈക്ലോൺ ഷെൽട്ടറിലാണ് വ്യായാമകേന്ദ്രം ഒരുക്കിയിട്ടുള്ളത്.
വൈസ് പ്രസിഡന്റ് സനില പി. രാജ്, മുൻ പ്രസിഡന്റ് എം. ഷീബ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ കെ.പി. റംസീന, പി.കെ. സാവിത്രി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.