കണ്ണൂർ: കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കണ്ണൂരിൽനിന്ന് പിടികൂടിയ സംഭവത്തിൽ രാഷ്ട്രീയാരോപണം ഉയരുംമുമ്പേ പ്രതിരോധിച്ച് സി.പി.എം. എസ്.ഡി.പി.ഐക്കാരാണ് പ്രതിക്ക് സംരക്ഷണം നൽകിയതെന്ന് ആരോപിച്ച് ജില്ല സെക്രട്ടറിയാണ് ആദ്യം രംഗത്തുവന്നത്. തൊട്ടുപിന്നാലെ, സി.പി.എം പ്രതിയെ സംരക്ഷിച്ചെന്ന് ആരോപിച്ച് ബി.ജെ.പിയും രംഗത്തെത്തി.
സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള ജില്ലയിൽ കൈവെട്ട് കേസിലെ ഒന്നാം പ്രതി എട്ടു വർഷത്തോളം ഒളിവിൽ കഴിഞ്ഞതിലെ ക്ഷീണമാണ് പാർട്ടി സെക്രട്ടറിയുടെ പരസ്യപ്രതികരണമെന്നാണ് വിലയിരുത്തൽ. പ്രതിക്ക് സംരക്ഷണമൊരുക്കിയത് മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് എൻ.ഐ.എക്ക് വിവരം ലഭിച്ചിരിക്കെയാണ് ഇക്കാര്യം സി.പി.എമ്മും ആവർത്തിച്ചത്.
പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള പ്രദേശങ്ങളിലാണ് പ്രതി മാറിമാറി താമസിച്ചത്. കൈവെട്ടി മുങ്ങിയശേഷം ഒളിവിൽപോയ 13ൽ എട്ടു വർഷവും കണ്ണൂർ ജില്ലയിലാണ് പ്രതി കഴിഞ്ഞത്. ഇതെല്ലാം കണക്കിലെടുത്താണ് വിഷയത്തിൽ ഒരു മുഴം മുമ്പേ പ്രതികരണവുമായി സി.പി.എം വന്നതെന്നാണ് വിലയിരുത്തൽ.
കണ്ണൂരിൽ പ്രതി താമസിച്ച മൂന്നു സ്ഥലങ്ങളും എസ്.ഡി.പി.ഐ സ്വാധീന മേഖലയാണെന്നും സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇതിന് സഹായം നൽകിയതായും ജില്ല സെക്രട്ടറി എം.വി. ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കണ്ണൂരിൽനിന്ന് പ്രതി പിടിയിലായതിൽ പാർട്ടിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. കണ്ണൂർ എം.പിക്കില്ലാത്ത എന്താണ് ഇക്കാര്യത്തിൽ പാർട്ടിക്ക് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, പ്രതി ഒളിവില്‍ കഴിഞ്ഞത് സി.പി.എമ്മിന്റെ അറിവോടെയാണെന്നാണ് ബി.ജെ.പി ജില്ല പ്രസിഡന്റ് എന്‍. ഹരിദാസിന്റെ ആരോപണം. ഇടതുപക്ഷ കേന്ദ്രങ്ങളിലാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.