പിണറായി: പിണറായി ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തുന്നവർ ഇനി അപേക്ഷകർ മാത്രമല്ല. അതിഥികൾ കൂടിയാണ്. നാടിന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയറിയുകയാണ് ഇവിടെയെത്തുന്നവർ. ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ പഞ്ചായത്ത് വരവേൽക്കുന്നത് ചൂടുചായയും പലഹാരവും നൽകി അതിഥികളായാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലെ ഗ്രാമപഞ്ചായത്ത് പുതുവർഷത്തിൽ ആരംഭിച്ച അതിഥി സൽക്കാരം ഇതിനകം തന്നെ 'ഹിറ്റായി'ക്കഴിഞ്ഞു. 'ഹാവ് എ ബ്രേക്ക്, ഹാവ് എ ടീ' എന്നാണ് പദ്ധതിക്ക് നൽകിയ പേര്.
കെട്ടിട നിർമാണ പെർമിറ്റ് ഒഴികെയുള്ള സേവനങ്ങൾ പരമാവധി രണ്ടുദിവസത്തിനകം നൽകണമെന്ന തീരുമാനം ഭരണസമിതി കൈക്കൊണ്ടിരുന്നു. ഒരുദിവസം ശരാശരി 60നും 70നും ഇടയിൽ ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തുന്നുണ്ട്. ഇവർക്കെല്ലാം പുതുവർഷം മുതൽ ചായയും പലഹാരവും നൽകുന്നു.
പദ്ധതിയുടെ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനും വേറിട്ട മാർഗമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബങ്ങളിലെ സന്തോഷം ജനങ്ങളുമായി പങ്കിടുന്നതാണ് ഇതിന്റെ കാഴ്ചപ്പാട്. ഇവരുടെ കുടുംബങ്ങളിലെ വിശേഷാവസരങ്ങളുടെ ഭാഗമായി ഒരാഴ്ചയിലെയോ അതിലധികമോ ദിവസത്തെയോ ചായയുടെയും പലഹാരത്തിന്റെയും ചെലവ് ബന്ധപ്പെട്ടവർ സ്പോൺസർ ചെയ്യുന്നു.
പുതുവർഷത്തിലെ ആദ്യ ആഴ്ചയിലെ ചെലവ് വഹിച്ചത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.വി. വേണുഗോപാലാണ്. മകന്റെ ഗൃഹപ്രവേശത്തിന്റെ സന്തോഷത്തിനായിരുന്നു ഇത്. ജനസൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതിയും. തീർപ്പാകാത്ത ഫയലുകൾ തീർപ്പാക്കാൻ മാസംതോറും അദാലത്ത് സംഘടിപ്പിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
വിവിധ സേവനങ്ങൾക്ക് പഞ്ചായത്തിലെത്തുന്നവർ കുറച്ചുസമയം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് ചായയും പലഹാരവും നൽകുകയെന്ന ആശയം രൂപപ്പെട്ടതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ പറഞ്ഞു.
പദ്ധതി ആരംഭിച്ചതോടെ പഞ്ചായത്ത് സേവനങ്ങൾ ലഭിച്ച പലരും സന്തോഷസൂചകമായി പദ്ധതിക്കായി സ്പോൺസർഷിപ്പുമായി മുന്നോട്ടുവരുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വാർഡ് തലത്തിൽ സൗജന്യമായി ജനസേവന കേന്ദ്രം ആരംഭിക്കാൻ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.