പഴയങ്ങാടി: സ്വകാര്യ വ്യക്തിയിൽനിന്ന് മാടായി പഞ്ചായത്ത് വിലക്കെടുത്ത മാടായിപ്പാറയിലെ 2.3 ഏക്കർ സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് താൽക്കാലിക ഉത്തരവിലൂടെ തടഞ്ഞു.
മാടായിപ്പാറ സംരക്ഷണ സമിതി സെക്രട്ടറി കെ.പി. ചന്ദ്രാംഗദൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ താൽക്കാലിക ഉത്തരവ്.
ചിറക്കൽ കോവിലകത്തിന്റെ ഉടമസ്ഥതയിലുള്ള മാടായിക്കാവ് ദേവസ്വത്തിന്റെ സ്വത്ത് കൃത്രിമ ആധാരങ്ങളിലൂടെ കൈവശപ്പെടുത്തിയ സ്വകാര്യ വ്യക്തികളിൽനിന്ന് ആവശ്യമായ അനുബന്ധ രേഖകളോ അടിയാധാരമോ പരിശോധിക്കാതെ മാടായി പഞ്ചായത്ത് അധികൃതർ വിലക്ക് വാങ്ങി.
മാടായിപ്പാറയിലെ ജൈവവൈവിധ്യങ്ങൾക്ക് നാശം വിതച്ച് നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ അനധികൃതമാണെന്നും സ്വത്ത് ദേവസ്വത്തിന് തിരിച്ചുനൽകേണ്ടതാണെന്നും കാണിച്ചായിരുന്നു ഹരജി. ഹരജിക്കാരനുവേണ്ടി അഭിഭാഷകൻ ശ്രീകുമാർ ചേലൂർ ഹാജരായി.
ചീഫ് സെക്രട്ടറി, ജില്ല കലക്ടർ, ദേവസ്വം ബോർഡിന്റെയും മാടായി പഞ്ചായത്തിന്റെയും അധികൃതർ ഉൾപ്പെടെ 11 പേരെയാണ് എതിർകക്ഷികളാക്കി ഹരജി നൽകിയത്. പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടറെ കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ഉത്തരവ് നടപ്പാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു.
താൽക്കാലിക ഉത്തരവിനെ തുടർന്ന് മാടായി പഞ്ചായത്തിന്റെ വയോജന വിശ്രമകേന്ദ്രം, സ്ത്രീകളുടെ ശുചിമുറി എന്നിവയുടെ നിർമാണപ്രവർത്തനങ്ങളാണ് പ്രതിസന്ധിയിലായത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.