കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കണ്ണാടിപ്പറമ്പ് പുല്ലൂപ്പി കുടുംബ ക്ഷേമ ഉപകേന്ദ്രം അസൗകര്യങ്ങൾ കാരണം പൊറുതിമുട്ടുന്നു. നാറാത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുല്ലൂപ്പി സബ് സെന്ററിൽ ആഴ്ചയിൽ എല്ലാം ദിവസവും ഗർഭിണികൾക്കും വയോജനങ്ങൾക്കും കുട്ടികൾക്കുമുള്ള ക്ലിനിക്കും നവജാത ശിശുക്കൾക്കുള്ള കുത്തിവെയ്പ് തുടങ്ങി നിരവധി ആരോഗ്യ സേവനങ്ങൾ ചെയ്യുന്നുണ്ടെങ്കിലും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തത് ഇവിടെ എത്തുന്ന സന്ദർശകരെയും ജീവനക്കാരെയും ദുരിതത്തിലാഴ്ത്തുന്നു.
ജീർണാവസ്ഥയിൽ ആയ കെട്ടിടം അറ്റകുറ്റപ്പണി ചെയ്തിട്ട് വർഷങ്ങളായി. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന് മാറ്റങ്ങളൊന്നുമുണ്ടായില്ല. രണ്ട് മുറികളോടയുള്ള പഴയ ഓട് മേഞ്ഞ കെട്ടിടം അറ്റകുറ്റപ്പണി ചെയ്യാത്തത് കാരണം അപകടാവസ്ഥയിലാണ്.
മഴക്കാലത്ത് ചോർച്ച കാരണം ഫയലുകളും മറ്റും സൂക്ഷിക്കാൻ പറ്റാത്ത അവസ്ഥയാണ്. എലിയുടെയും ഇഴ ജന്തുക്കളുടെയുംശല്യവും ഇവിടെ രൂക്ഷമാണ്. സബ് സെന്ററിനോട് ചേർന്ന കിണറുണ്ടെങ്കിലും പ്ലംബിംഗ് ജോലികൾ മറ്റും നടത്താത്തതിനാൽ ശുചി മുറികളിൽ പോലും വെള്ളം ലഭ്യമല്ല.
ഇതു കാരണം ശുചി മുറികൾ പൊട്ടിപൊളിഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. ചുറ്റുമതിലുകൾ ഇല്ലാത്തതതിനാൽ രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായ ഇവിടത്തെ ലൈറ്റുകളും മറ്റും നശിച്ച അവസ്ഥയിലാണ്. കുടുംബ ക്ഷേമ ഉപകേന്ദ്രം പുതുക്കി പണിത് ജനങ്ങക്ക് ഉപകാരപ്രധമായ നിലയിലേക്ക് മാറ്റാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാറാത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കുടുംബ ക്ഷേമ ഉപകേന്ദ്രം ഉൾപ്പെടെ മാറ്റി പുതുക്കി പണിയുന്നതിന് സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പിന്റെ ഫണ്ടിൽ ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രവൃത്തികൾ ആരംഭിച്ച് സബ് സെന്റർ മികച്ച നിലയിലേക്ക് മാറും.
കെ. രമേശൻ
പ്രസിഡന്റ് നാറാത്ത് പഞ്ചായത്ത്
പുല്ലൂപ്പിയിലെയും മറ്റ് സമീപ പ്രേദേശങ്ങളിലെയും വയോജനങ്ങളും ഗർഭിണികളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ ദിവസവും ആശ്രയിക്കുന്ന കുടുംബ ക്ഷേമ കേന്ദ്രം സൗകര്യങ്ങൾ ഇല്ലാത്തത് കാരണം പൊറുതിമുട്ടുകയാണ്.
മേൽക്കൂര ചോർച്ചകാരണം ജീവനക്കാർക്ക് ഇരുന്നു ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ജീനർണാവസ്ഥയിലായ കെട്ടിടം അറ്റകുറ്റ പണി നടത്തി പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി വേണം.
മിഹ്റാബി
പഞ്ചായത്ത് അംഗം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.