കണ്ണൂർ: വേനൽ കടുത്തതോടെ കടകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ്. ഹോട്ടലുകളിലും കൂൾബാറുകളിലും മറ്റ് കടകളിലും ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ നിലവാരമാണ് പരിശോധിക്കുക. വീഴ്ച വരുത്തുന്ന കടകൾക്ക് ഒരുലക്ഷം രൂപവരെ പിഴയീടാക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രത്യേക പരിശോധന നടത്തും.
കുടിവെള്ളം ശുദ്ധമെന്ന് തെളിയിക്കുന്ന ലാബ് പരിശോധന റിപ്പോർട്ടാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്. കോർപറേഷൻ, ജലഅതോറിറ്റി തുടങ്ങിയവയുടെ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ അത് തെളിയിക്കുന്ന രശീതിയോ മറ്റ് രേഖകളോ ഹാജരാക്കണം. കൂൾബാറുകളിൽ ഉപയോഗിക്കുന്ന ഐസ് എവിടെനിന്ന് വാങ്ങി, ഗുണനിലവാരമുള്ള വെള്ളം ഉപയോഗിച്ച് നിർമിച്ചതാണോ എന്നതും പരിശോധിക്കും. ഇതിനു പുറമെ, കടകളിൽ കുടിവെള്ളം സൂക്ഷിക്കുന്നതിലെ ശുചിത്വവും പ്രധാനമാണ്. വൃത്തിഹീന സാഹചര്യത്തിൽ കുടിവെള്ളം കൈകാര്യം ചെയ്യുന്ന കടകൾക്കും പിഴയീടാക്കും. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വേനൽ കടുത്തതോടെ പലയിടത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. മലിനജലം വ്യാപകമായി ഉപയോഗിക്കുന്നതോടെ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കുടിവെള്ളം മാത്രമായി പരിശോധിക്കുന്നത്.
വേനൽകടുത്ത സാഹചര്യത്തില്‍ കുപ്പിവെള്ളം വില്‍ക്കുന്ന കടകളും ജ്യൂസ് കടകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലകളില്‍ ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ കുടിവെള്ള പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.