അഴീക്കോട്: വിശാഖ പട്ടണത്തുനിന്ന് ഇന്ത്യൻ നേവിയുടെ മുങ്ങിക്കപ്പൽ പൊളിക്കാനായി അഴീക്കൽ പുറംകടലിലെത്തി. കരയിലടുപ്പിക്കാനുള്ള സാങ്കേതിക കാരണത്താൽ പുറം കടലിൽ നങ്കൂരമിട്ടിരിക്കുകയാണ്. മുങ്ങിക്കപ്പൽ കരയിലെത്തുന്നതോടെ വർഷങ്ങളായി നിലനിൽക്കുന്ന സിൽക്കിന്റെ ശനിദശ മാറുമെന്നാണ് തൊഴിലാളികൾ പറയുന്നത്. കപ്പൽ കരയിൽ എത്തിച്ചാലും പൊളിക്കാനുള്ള നടപടികൾ പൂർത്തികരിക്കാൻ കുറഞ്ഞത് മൂന്നു മാസമെങ്കിലുമെടുക്കുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.
പൊതുമേഖല സ്ഥാപനമായ അഴീക്കൽ സിൽക്ക് (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്) എന്ന കപ്പൽ പൊളിക്കുന്ന നടപടി നിർത്തിവെച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. പൊളിക്കാൻ കപ്പൽ എത്താത്തതായിരുന്നു പ്രധാന കാരണം. ഇത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെയും സാമ്പത്തിക സ്ഥിതിയും സാരമായി ബാധിയിട്ടുണ്ട്. ചെറിയ നിർമാണ ഓർഡറുകളും ഇടക്കാലത്ത് കുറഞ്ഞതും മറ്റൊരു കാരണം.
പഴയതുപോലെ കപ്പൽ പൊളിക്കൽ, ഹൗസ് സ്റ്റീൽബോട്ട് നിർമാണ ജോലികൾ എന്നിവ കൃത്യമായി ലഭിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പ് കാലാവധി കഴിഞ്ഞ് 30 വർഷം പഴക്കമുള്ള കപ്പൽ സ്വകാര്യ കമ്പനി കൊണ്ടുവന്ന് പൊളിച്ചിരുന്നു. ഇപ്പോൾ കപ്പൽ പൊളിക്കാനും എത്തുന്നില്ല. കപ്പൽ നിർമാണവും പഴയ കപ്പലുകൾ പൊളിക്കുന്നതും നടക്കുന്ന പ്രവർത്തികളിൽ സിൽക്കിന് കിട്ടിവന്ന ഭീമമായ വരുമാനമാണ് ഇതോടെ ഇല്ലാതായത്.
മാല ദ്വീപിൽ നിന്നാണ് പൊളിക്കാനായി ചരക്ക് കപ്പൽ കൊണ്ടുവന്നിരുന്നത്. മാല ദ്വീപിൽ നിന്നുള്ള കപ്പൽ തൊട്ടടുത്ത യാർഡുകളിൽവെച്ച് കുറഞ്ഞ ചെലവിൽ പൊളിക്കാൻ തുടങ്ങിയതോടെ അഴിക്കോട്ടേക്ക് കപ്പൽ വരാതായി. ചെെന്നെ, കൊൽക്കത്ത, മുംബൈ, ഗുജറാത്ത് അലാംഗ് തുറമുഖത്തും കപ്പൽ പൊളിക്കൽ യഥേഷ്ടം നടക്കുന്നുണ്ട്. ഗുജറാത്തിലുള്ള കപ്പൽ ബംഗ്ലാദേശിലെത്തിച്ചും പൊളിക്കുന്നു. അഴീക്കലിലെ സിൽക്കിൽ കൂടുതൽ കപ്പൽ പൊളിക്കാനുള്ള സൗകര്യം ഒരുക്കുന്നതിൽ അധികൃതർ അമാന്തം കാണിക്കുന്നതായും പരാതിയുണ്ട്.
കൊച്ചി തുറമുഖം വഴി അഴീക്കൽ സിൽക്ക് ഷിപ്പ് യാർഡിൽ എത്തിക്കാൻ 30 ലക്ഷത്തോളം ചെലവ് വരും. കപ്പിത്താനടക്കമുള്ള ജീവനക്കാരുടെ ശമ്പളം ഇന്ധനച്ചെലവ് എന്നിവ പരിഗണിക്കുമ്പോൾ അഴീക്കലിൽ കൊണ്ടുവന്ന് പൊളിക്കുന്നത് നഷ്ടമാണെന്ന് ഏജൻസി പ്രതിനിധി പറയുന്നു. കപ്പലിന്റെ ഇരുമ്പ് പാളികൾക്കു കേരളത്തിൽ ലഭിക്കുന്ന വില കുറവാണെന്നും പരാതിയുണ്ട്. അതു കാരണം കപ്പൽ പൊളിക്കൽ കേരളത്തിൽ നടക്കില്ല.
പണ്ടൊക്കെ അഴീക്കലിൽ നിന്ന് പൊളിച്ച് കോഴിക്കോട് എത്തിച്ചാൽ നല്ല വില കിട്ടിയിരുന്നതാണ്. കപ്പലിൽ ഉപയോഗിച്ചിരുന്ന ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ വിൽപന നടത്തുമ്പോഴും മതിപ്പ് വില കിട്ടാറില്ല. ഇത്തരം പരാതികൾ നിൽക്കുന്ന കാരണമാണ് കമ്പനിക്കാർ അഴീക്കലിലെ സിൽക്കിനെ കൈയ്യൊഴിയുന്നത്. കപ്പൽ പൊളിക്കാൻ സിൽക്ക് കരാർ ഏറ്റെടുക്കുന്നുവെങ്കിലും ഉപകരാർ നൽകിയാണ് മിക്കവാറും ഇവിടെ നിന്നും കപ്പൽ പൊളിക്കുന്നത്.
കൂടുതൽ കപ്പൽ പൊളിക്കുന്നത് ലാഭകരം. ഒരു കപ്പൽ പൊളിച്ചു കൊടുക്കുക വഴി ടണ്ണിന് ലഭിക്കുന്ന തുക അനുസരിച്ച് 25 ലക്ഷം മുതൽ 50 ലക്ഷം വരെ വരുമാനമാണ് സിൽക്കിന് ലഭിച്ചുവരുന്നത്. ഒരു ടണ്ണിന് 2500 രൂപയാണ് പൊളിക്കൽ നിരക്ക്.
1984ലാണ് കപ്പൽ പൊളിക്കലുമായി ബന്ധപ്പെട്ട് സിൽക്ക് അഴീക്കലിൽ തുടങ്ങിയത്. ഒടുവിൽ 2021 ൽ സംസ്ഥാന ഡ്രഡ്ജിംഗ് കോർപറേഷന്റെ ഒരു കപ്പൽ പൊളിച്ചു. മൊത്തം 30 നും 40 നുമിടയിൽ കപ്പലുകളാണ് മൂന്ന് പതിറ്റാണ്ടിനിടയിൽ ഇവിടെനിന്ന് പൊളിച്ചുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.