ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി പരിശോധന

മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തില്‍ ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി പരിശോധന നടത്തി. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലെ സാഹചര്യം കണക്കിലെടുത്ത് നഗരസഭയിലെ 11 ബൂത്തുകളെ അതീവ പ്രശ്‌നസാധ്യത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബൂത്തുകളുടെ പരിസര പ്രദേശങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകള്‍, ആള്‍താമസമില്ലാത്തതും നിര്‍മാണം നടക്കുന്നതുമായ വീടുകള്‍, കെട്ടിടങ്ങള്‍, ഉപേക്ഷിച്ച കെട്ടിടങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

കണ്ണൂരില്‍നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച പാലോട്ട്പള്ളി, കയനി, വെമ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. പാലോട്ടുപള്ളിയിലെ കാട് മൂടിയ പറമ്പില്‍ ഏറെനേരം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

മട്ടന്നൂര്‍ പൊലീസ് എസ്.എച്ച്.ഒ എം. കൃഷ്ണന്‍, എസ്.ഐമാരായ സി. അശോകന്‍, അബ്ദുല്‍നാസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏളന്നൂര്‍, കീച്ചേരി, ആണിക്കരി, പെരുവയല്‍ക്കരി, കോളരി, പെരിഞ്ചേരി, നെല്ലൂന്നി, ഇല്ലംഭാഗം, പാലോട്ട്പള്ളി, മേറ്റടി, നാലാങ്കരി ബൂത്തുകളാണ് അതീവ പ്രശ്‌നസാധ്യത ബൂത്തുകള്‍. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. നിരീക്ഷണവും ശക്തമാക്കും.

Tags:    
News Summary - Inspection for bombs and weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.