കണ്ണൂർ: ജില്ലയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. കണ്ണൂർ നഗരം, തലശ്ശേരി, കൂത്തുപറമ്പ് എന്നീ മേഖലകളിലായി 39 കടകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. ഇതിൽ 11 കടകൾക്ക് നോട്ടീസ് നൽകി. ഒരു കട അടച്ചുപൂട്ടി.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്. പേരാവൂരിലെ തട്ടുകടയാണ് അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഞ്ചു സ്ഥാപനങ്ങൾക്ക് പിഴ നോട്ടീസ് നൽകി. ആറുകടകളിൽ വൃത്തിയുൾപ്പെടെ കാര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ല അസി. കമീഷണർ കെ.പി. മുസ്തഫ പാമ്പുരുത്തിയുടെ നേതൃത്വത്തിലാണ് നഗരത്തിലെ കടകളിൽ പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷ ഓഫിസർമാരായ യാസിറ, നസ്രിയ എന്നിവരും പങ്കെടുത്തു.
തലശ്ശേരി മേഖലയിൽ നടന്ന പരിശോധനക്ക് ഭക്ഷ്യസുരക്ഷ ഓഫിസർമാരായ ആന്റണി, മുഹമ്മദ് തുഫൈൽ എന്നിവരും കൂത്തുപറമ്പ് മേഖലയിൽ നടന്ന പരിശോധനക്ക് ഭക്ഷ്യസുരക്ഷ ഓഫിസർമാരായ സോണിമ, മഹേഷ്, ജിയോ ജോസഫ് എന്നിവരും നേതൃത്വം നൽകി. ജനുവരി 10 വരെ പരിശോധന തുടരുമെന്ന് അസി. കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.