കണ്ണൂർ: ശുചിത്വ മാലിന്യ പരിപാലന ലംഘനങ്ങള്‍ കണ്ടെത്താനുള്ള ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കും. ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മാലിന്യം വലിച്ചെറിയല്‍, ജലാശയങ്ങള്‍ മലിനപ്പെടുത്തല്‍, പൊതു സ്വകാര്യ സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ എന്നിവ കണ്ടെത്തി നടപടിയെടുക്കും.
ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ കണ്ടെടുത്താല്‍ ആദ്യം 10,000 രൂപയും രണ്ടാം തവണ 25,000 രൂപയുമാണ് പിഴ. ക്യാരിബാഗിന് പകരമായി സാധനങ്ങള്‍ ഒരുമിച്ച് എച്ച്.എം കവറില്‍ ഇട്ട് നല്‍കുന്നതും കുറഞ്ഞത് 10,000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണ്. പച്ചക്കറി കടകളില്‍ വ്യാപകമായി ഇത്തരം കവര്‍ ക്യാരി ബാഗിനു പകരമായി നല്‍കുന്നത് സ്ക്വാഡിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജില്ലയില്‍ രണ്ട് സ്ക്വാഡുകളാണ് നിലവിലുള്ളത്.
കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ മൊത്ത വ്യാപാരികളുടെ ഏഴ് ഗോഡൗണുകളില്‍ നിന്നായി ആറ് മെട്രിക് ടണ്ണിലധികം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടിച്ചെടുത്ത് പിഴ ഈടാക്കി. ഇത്തരത്തില്‍ ഈടാക്കുന്ന പിഴ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം അക്കൗണ്ടിലേക്ക് മാറ്റി ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് മാത്രമായി ഉപയോഗിക്കും.
സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചില വ്യാജ ഏജന്‍സികള്‍ കടകളില്‍ നല്കുന്ന ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ ബന്ധപ്പെട്ടവര്‍ വാങ്ങി ഉപയോഗിക്കരുത്. പാക്കിങ്ങിന് ഉപയോഗിക്കുന്ന ഓരോ പ്ലാസ്റ്റിക് കവറിലും 2016ലെ കേന്ദ്ര പ്ലാസ്റ്റിക് മാനേജ്മെന്റ് റൂളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യാപാരികള്‍ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.