ഇരിട്ടി: 400 കെ.വി ലൈൻ കടന്നുപോകുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ 58 കർഷകർ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി. വർഷങ്ങളായി തീരുമാനമാകാതെ നീളുന്ന 400 കെ.വി ലൈൻ നഷ്ടപരിഹാര പാക്കേജിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് ഉദ്യോഗസ്ഥർ തങ്ങളുടെ അനുവാദമില്ലാതെ ഭൂമിയിൽ പ്രവേശിക്കുന്നതും നിർമാണം നടത്തുന്നതിനും അനുമതി നൽകരുതെന്ന് നിവേദനത്തിൽ കർഷകർ ആവശ്യപ്പെട്ടു.
വില തകർച്ചയും കൃഷിനാശവും കാരണം കടക്കെണിയിലായ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ന്യായമായ വില നൽകാതെ ഭൂമി പിടിച്ചെടുക്കാനുള്ള പദ്ധതി കർഷക ആത്മഹത്യക്ക് കാരണമാകുമെന്നും നിവേദനത്തിൽ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഉൾപ്പെടെ നിരവധി പരാതികൾ നൽകിയിട്ടും നഷ്ടപരിഹാര പാക്കേജിൽ ഒരു തീരുമാനവുമെടുക്കാതെ വന്നതോടെയാണ് കർഷകർ വീണ്ടും കലക്ടറുടെ അടുത്തെത്തിയത്. കർഷകന്റെ ഭൂമിയിൽ അതിക്രമിച്ചു കയറി ഒരു നിർമാണ പ്രവൃത്തിയും നടത്തില്ലെന്ന് കലക്ടർ ഉറപ്പു നൽകി.
നിവേദന സംഘത്തിൽ കർമസമിതി ചെയർമാനും അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, കൺവീനർ ബെന്നി പുതിയാമ്പുറം, ജോൺസൺ അണിയറ, ജിംസൺ ജോർജ്, ജോർജ് കിളിയന്തറ മുടയരിഞ്ഞി എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.