ഇരിട്ടി: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡിൽ തുടിമരത്ത് കടുവയിറങ്ങിയതായി അഭ്യൂഹം.മാസങ്ങളമായി കടുവയുടെ സാന്നിധ്യം ഇവിടെയുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി ജനവാസ മേഖലക്ക് അടുത്താണ് കടുവയുടെ സാന്നിധ്യമെന്ന് മഞ്ചാടി കോളനി നിവാസികൾ പറഞ്ഞു. ഫോറസ്റ്റിനോട് ചേർന്ന് മഞ്ചാടി കോളനിയിൽ ഏഴോളം കുടുംബങ്ങളാണ് താമസിക്കുന്നത്.
സൗകര്യങ്ങളും ഒന്നുമില്ലാത്ത മഞ്ചാടി കോളനി വാസികൾ കനത്ത ഭീതിയുടെ നിഴലിലാണ്. മാസങ്ങളായി ഈ കോളനിയിലെ ഇരുപതോളം വരുന്ന അംഗങ്ങൾ അന്തിയുറങ്ങുന്നത് അല്പമെങ്കിലും അടച്ചുറപ്പുള്ള മഞ്ചാടി കോളനിയിലെ സീതയുടെ വീട്ടിലാണ്. കടുവയുടെ ഭീഷണി അധികമായതോടെ മഞ്ചാടി കോളനിയിലെ കുട്ടികളും മുതിർന്നവരും വീട്ടിൽ തന്നെ കഴിയുകയാണ്.
വഴിയും യാത്ര സൗകര്യങ്ങളും മൊബൈൽനെറ്റ് വർക്കുകൾ ഒന്നുമില്ലാത്ത കോളനിയിലെ എഴോളം കുടുംബങ്ങൾ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. കടുവയുടെ ഭീക്ഷണി അധികമായതോടെ കുട്ടികളെയും കൂട്ടി കോളനി വിട്ട് സുരക്ഷിതമായ മറ്റെവിടെയെങ്കിലും മാറിത്താമസിക്കുവാൻ ആലോചിക്കുകയാണ് മഞ്ചാടി കോളനിയിലെ താമസക്കാർ.
മൊബൈൽ നെറ്റ് വർക്ക് ലഭിക്കാത്തതുകൊണ്ട് അപകടം സംഭവിച്ചാൽ പോലും പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് കോളനിക്കാർ. തുടിമരത്തെ താമസക്കാരനായ ആയികുട്ടന്റെ വീടിന്റെ പരിസരത്ത് കടുവ വന്നതായും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചതോടെ ഓടി മറഞ്ഞതായും ആയികുട്ടൻ പറഞ്ഞു. സമീപപ്രദേശമായ വാളതോടിലെ അമ്പാറയിൽ വിജയമ്മയുടെ വീട്ടിൽ കെട്ടിയിട്ടിരുന്ന പട്ടിയെ ഒരു മാസം മുമ്പ് കടിച്ച് കൊന്നതായും വിജയമ്മ പറഞ്ഞു.
ഈ പ്രദേശങ്ങളിൽ വന്യമൃഗ സാന്നിധ്യം ഉണ്ടെങ്കിലും വന്ന് തിരിച്ചുപോകുകയാണ് പതിവ് എങ്കിലും ഇത്തവണ മാസങ്ങളായി കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭയപ്പെടുത്തുകയാണ്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി ബീ.എഫ്.ഒ ഷിജിലിന്റെ നേതൃത്വത്തിൽ വാച്ചർമാരായ അഭിജിത്ത്, അജിൽ കുമാർ, ബിനോയ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തിയിരുന്നു. കടുവയുടേതുപോലുള്ള ശബ്ദം കേട്ടിരുന്നു വെന്നും ഇന്നും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.