ഇരിട്ടി: ആനയുടെ ചവിട്ടേറ്റ് ജോസ് മരിക്കുന്നതിനു തൊട്ടുമുമ്പുള്ള സംഭാഷണശകലം കേട്ട് സങ്കടപ്പെട്ട് നാട്. ആന വരുന്ന വഴിയിൽ നിൽക്കുന്ന ജോസിനോട് ‘ജോസേട്ടാ മാറിക്കോ, ആന വന്നാൽ അറിയൂല’ എന്ന് നാട്ടുകാർ വിളിച്ചുപറയുന്ന ദൃശ്യങ്ങളും സംഭാഷണവും നാടിന്റെ നെഞ്ചിൽ തറച്ചു. ഇതിനിടെ എപ്പോഴാണ് പ്രിയപ്പെട്ടവന് ദുരന്തം വന്നണഞ്ഞതെന്ന് ആർക്കുമറിയില്ല. പടക്കമെറിഞ്ഞ് ആനയെ തുരത്തിയ ആദ്യമണിക്കൂറുകളിൽ തന്നെ ഇദ്ദേഹത്തെ ആന ആക്രമിച്ചുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ബുധനാഴ്ച പുലർച്ച ആനയിറങ്ങിയ വേളയിൽ സർവ സന്നാഹത്തോടെയാണ് നാട്ടുകാർ ആനയെ തുരത്താൻ രംഗത്തിറങ്ങിയത്. പൊലീസും വനംവകുപ്പും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തി.
കാടിറങ്ങിയ കൊമ്പനെ തുരത്താൻ കടകളച്ച് സ്കൂളുകൾക്ക് അവധി നൽകി. ആന വരുന്ന വഴികളിൽനിന്ന് മാറിനിൽക്കാൻ പള്ളികളിൽനിന്ന് നിർദേശം വന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അക്കാര്യം പലതവണ നിർദേശിച്ചു. കനത്ത മഴപോലും വകവെക്കാതെ രക്ഷാപ്രവർത്തനം നടന്നു. നേരം ഇരുട്ടിയപ്പോൾ രക്ഷാപ്രവർത്തനം ദുഷ്കരമാവുമെന്ന ആശങ്കയുണ്ടായി. എങ്കിലും എല്ലാ ആശങ്കയും ഒഴിവായി രാത്രി പത്തോടെ ആനയെ കാട്ടിലേക്ക് തുരത്തിയ ആശ്വാസത്തിലാണ് ഉളിക്കൽ പ്രദേശവാസികൾ ഉറങ്ങാൻ കിടന്നത്.
രാപ്പകൽ നീണ്ട രക്ഷാപ്രവർത്തനത്തിൽ ആളപായമോ കാര്യമായ പരിക്കോ ഇല്ലാതെ ആനയെ കാട്ടിലേക്ക് തുരത്താൻ ആയല്ലോ എന്ന ആശ്വാസത്തിന് പക്ഷേ മണിക്കൂറുകളുടെ ആയുസ്സേയുണ്ടായുള്ളൂ. വ്യാഴാഴ്ച നേരം പുലർന്നത് കൂട്ടത്തിലൊരാളുടെ ജീവൻ ആനയെടുത്തെന്ന ഞെട്ടിക്കുന്ന വിവരം കേട്ടാണ്. കൂട്ടത്തിലൊരാളുടെ ജീവൻ ആനയെടുത്തത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല നാട്ടുകാർക്ക്. ദാരുണമായ മരണത്തിന്റെ നടുക്കത്തിലാണ് ഉളിക്കൽ നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.