ഇരിട്ടി: നിർമാണം പൂർത്തിയായിട്ടും മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം കാത്ത് കിടക്കുന്നു. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയാണ് നിലവിൽ കാക്കയങ്ങാട് പാലപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം അവസാനഘട്ട മിനുക്കുപണികൾ മാത്രം അവശേഷിച്ചിട്ടും മാസങ്ങളായി ഉദ്ഘാടനം കാത്തുകിടക്കുകയാണ്. ജനകീയ പങ്കാളിത്തത്തോടെ നിർമിക്കുന്ന പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. പൊലീസ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചാൽ ഉടൻ പുതിയ കെട്ടിടത്തിലേക്ക് മാറും. 2016ൽ യു.ഡി.എഫ് സർക്കാറിന്റെ അവസാന കാലത്താണ് കാക്കയങ്ങാട് ആസ്ഥാനമായി മുഴക്കുന്നിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. പാലപ്പുഴ കാക്കയങ്ങാട് റോഡരികിലെ ചെറിയ വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ തുടങ്ങിയത്. നാൽപതോളം പൊലീസുകാർ വളരെ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽനിന്നാണ് ഇവിടെ ജോലി ചെയ്യുന്നത്. പൊലീസ് വാഹനം പാർക്ക് ചെയ്യാൻപോലും സ്ഥലമില്ല.
നാട്ടുകാർ രൂപവത്കരിച്ച ജനകീയ കമ്മിറ്റിയാണ് സ്റ്റേഷൻ നിർമാണത്തിനുള്ള സ്ഥലം കണ്ടെത്തിയത്. കാക്കയങ്ങാട്-പുന്നാട് റോഡിൽ 45 സെൻറ് സ്ഥലംവാങ്ങി സർക്കാറിലേക്ക് കൈമാറി. തുടർന്ന് 2022 ജനുവരിയിൽ കെട്ടിടം പണി ആരംഭിച്ചു. 1.75 കോടി രൂപ മുടക്കി 7000 ചതുരശ്രയടിയിൽ രണ്ടുനിലയുള്ള കെട്ടിടത്തിന്റെ പണികൾ ഏകദേശം പൂർത്തീകരിച്ചു. മുൻ പഞ്ചായത്ത് ഭരണസമിതിയുടെയും വ്യാപാരി വ്യവസായി യൂനിറ്റുകളുടെയും ഇടപെടൽ നിർമാണപ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ലക്ഷ്യത്തിലെത്താൻ സഹായിച്ചു. പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞതോടെ കെട്ടിടം എത്രയും വേഗം ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പരിമിതമായ സൗകര്യങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസമാകും പുതിയ കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.