ഇരിട്ടി: ചിലർ എതിർക്കുന്നുവെന്നതുകൊണ്ടു മാത്രം നാടിനാവശ്യമായ വികസന പദ്ധതികൾ നടപ്പാക്കാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീകരിച്ച തില്ലങ്കേരി രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ പേരിൽ ഒരാളെയും ബുദ്ധിമുട്ടിക്കില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകണമെന്നതാണ് സർക്കാർ നിലപാട്. മറ്റു സംസ്ഥാനങ്ങളിലെ സൗകര്യം കണ്ട് അന്ധാളിച്ച് നിൽക്കേണ്ടവരല്ല നമ്മൾ. നടത്തേണ്ട സമയത്ത് നടത്താനാവാത്ത വികസനത്തിന് വൻ പിഴയാണ് ഒടുക്കേണ്ടി വരുന്നത്.
സംസ്ഥാനം രൂപംകൊണ്ട നാൾ മുതൽ നാടിനു നല്ലത് വരരുതെന്ന സമീപനമാണ് വലതുപക്ഷം സ്വീകരിക്കുന്നത്. ഗെയ്ൽ പദ്ധതിക്കും ദേശീയപാത വികസനത്തിനുമെതിരെയുള്ള സമരം ഇതിനുദാഹരണമാണ്. സംസ്ഥാനത്തിന്റെ ഒട്ടേറേ വികസന കാര്യത്തിൽ കേന്ദ്രം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. മന്ദിരത്തിലെ ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും രക്തസാക്ഷി ബിജൂട്ടി സ്മാരക ഹാൾ കെ.കെ. ശൈലജ എം.എൽ.എയും രക്തസാക്ഷി ശിലാഫലകം അനാഛാദനം ജില്ല സെക്രട്ടറി എം.വി. ജയരാജനും ഫോട്ടോ അനാഛാദനം ജില്ല സെക്രേട്ടറിയറ്റംഗം പി. പുരുഷോത്തമനും കമ്പ്യൂട്ടർ സ്വിച്ച് ഓൺ എൻ.വി. ചന്ദ്രബാബുവും നിർവഹിച്ചു. കെ.എ. ഷാജി, സി.വി. ശശീന്ദ്രൻ, കെ. ഭാസ്കരൻ, കെ.ടി. ചന്ദ്രൻ, എം. രാജൻ, കെ.സി. മനോജ്, എം. രതീഷ്, അണിയേരി ചന്ദ്രൻ, മുഹമ്മദ് സിറാജ്, കൈതേരി മുരളീധരൻ, വൽസൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.