ഇരിട്ടി: പേരാവൂർ നിയോജകമണ്ഡലത്തിൽ 47,664 കുടുംബങ്ങളിൽ കുടിവെള്ളമെത്തും. ഇരിട്ടി നഗരസഭയിലും, കൊട്ടിയൂർ, കേളകം, കാണിച്ചാർ, പേരാവൂർ, മുഴക്കുന്ന് ,ആറളം, അയ്യൻകുന്ന്, പായം പഞ്ചായത്തുകളിലുമായി കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് 2024 ഡിസംബറിൽ പൂർത്തിയാകുക. ഇരിട്ടി നഗരസഭയിൽ 10,450 കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭ്യമാകുന്നത്. 94.18 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് ഉടൻ സാങ്കേതിക അനുമതി ലഭ്യമാകും.
പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 76.6 6 കോടി രൂപ മുടക്കി ഇരിട്ടി, മട്ടന്നൂർ നഗരസഭകൾക്കായി പഴശ്ശി അണക്കെട്ടിൽ കിണർ പമ്പിങ് സ്റ്റേഷനും ഹയർ സെക്കൻഡറി സ്കൂൾ കുന്നിലും കൊതേരിയിലുമായി 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകളും വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈൻ ജോലികളും നേരത്തേ പൂർത്തീകരിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 94.18 കോടി രൂപ ചെലവിൽ 212 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചു. പായം പഞ്ചായത്തിൽ 92.51 കോടി ചെലവിൽ 5,639 കുടുംബങ്ങൾക്കാണ് കുടിവെള്ളമെത്തിക്കുന്നത്. അയ്യൻ കുന്നിൽ 58.65 കോടി ചെലവിൽ 4,621 കുടുംബങ്ങൾക്കാണ് കുടിവെള്ളമെത്തിക്കുന്നത്. മുഴക്കുന്ന് പഞ്ചായത്തിൽ 63.45 കോടി ചെലവിൽ 4999 കുടുംബങ്ങൾക്കായി കുടിവെള്ളം എത്തിക്കുന്ന പ്രവൃത്തി തുടങ്ങി. ആറളത്ത് 55.8 കോടി ചെലവിൽ 4,396 കുടുംബങ്ങൾക്കും കൊട്ടിയൂരിൽ 45.64 കോടി ചെലവിൽ 4,347 കുടുംബങ്ങൾക്കും കേളകത്ത് 41.5 3 കോടി ചെലവിൽ 3,964 കുടുംബങ്ങൾക്കും കണിച്ചാറിൽ 41.41 കോടി ചെലവിൽ 3,053 കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതി അടുത്ത മാർച്ചിൽ പൂർത്തീകരിക്കും.
ജൽജീവൻ മിഷൻ പദ്ധതിയുടെ 60 ശതമാനം പ്രവൃത്തി പൂർത്തീകരിച്ച് കൊട്ടിയൂരിൽ 450 കുടുംബങ്ങൾക്കും കേളകത്ത് 650 കുടുംബങ്ങൾക്കും കണിച്ചാറിൽ 1150 കുടുംബങ്ങൾക്കും കണക്ഷൻ നടപടികൾ പൂർത്തീകരിച്ചു. പേരാവൂർ പഞ്ചായത്തിൽ 67.2 കോടി രൂപ ചെലവിൽ 5,295 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയും അടുത്ത ഡിസംബറിൽ പൂർത്തീകരിക്കും.
യോഗത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി അനിയന്ത്രിതമായി റോഡുകൾ വെട്ടി മുറിക്കുന്നതിനെതിരെ വിമർശനം ഉയർന്നു. ടൗണുകളിൽ റോഡ് കട്ടർ ഉപയോഗിച്ചു മാത്രമേ പൊളിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പറഞ്ഞു. ഉപഭോക്താക്കളിൽനിന്ന് ഒപ്പിട്ടുവാങ്ങുന്ന സമ്മതപത്രത്തെക്കുറിച്ചുയർന്ന ചോദ്യങ്ങൾക്ക് വ്യകതമായ ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്കായില്ല.
നിലവിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ചിലരെ മാറ്റിയശേഷം പകരം ആളെ നിയമിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും പരാതി ഉയർന്നു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പി. രജനി, ടി. ബിന്ദു. കെ.പി. രാജേഷ്, ടി.പി. വേണുഗോപാലൻ, റോയ് നമ്പുടാകം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.