ഇരിട്ടി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തിയ സമ്പൂർണക്ക് തുണയായി ഇരിട്ടി നഗരസഭയും പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചലും.കഴിഞ്ഞ മേയിൽ ലോക്ഡൗൺ കാലത്ത് ഇരിട്ടി ടൗണിൽ ഭിക്ഷാടനത്തിനെത്തിയ തമിഴ്നാട് സേലം സ്വദേശിനിയായ ഇൗ 80കാരിയുടെ ദുരിതജീവിതം സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്നാണ് ഇരിട്ടി നഗരസഭയുടെ ഇടപെടൽ ഉണ്ടായത്. ലോക്ഡൗൺ കാലത്ത് ആരെങ്കിലും വാങ്ങിനൽകുന്ന ഭക്ഷണവും ഉച്ചക്ക് സന്നദ്ധപ്രവർത്തകർ എത്തിച്ചുനൽകുന്ന ചോറുമായിരുന്നു ഇവരുടെ വിശപ്പുമാറ്റിയത്. തുടർന്ന് നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലതയുടെ നേതൃത്വത്തിൽ
ഇവരെ പഴയങ്ങാടിയിലെ ഗാർഡിയൻ എയ്ഞ്ചൽ അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഒടുവിൽ ഫോൺ നമ്പർ കിട്ടി വിവരമറിയിച്ചതിനെ തുടർന്ന് അമ്മയെ തേടി മകൻ അൽഫോൺസ് ആൻഡ്രൂസ് തമിഴ്നാട്ടിൽനിന്ന് 26ന് ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി. ഗാർഡിയൻ എയ്ഞ്ചലിൽ അമ്മയുടെയും മകെൻറയും സമാഗമം വികാരനിർഭരമായിരുന്നു. സേലത്തുനിന്ന് വഴിതെറ്റിയാണ് മാതാവ് ഇരിട്ടിയിൽ എത്തിയതെന്ന് മകൻ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ്ചെയർമാൻ പി.പി. ഉസ്മാൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ സമ്പൂർണയെ മകനൊപ്പം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.