ഇരിട്ടി: പ്രളയകാല ദുരന്തം മറന്ന് പുതുജീവിതത്തിന്റെ താക്കോൽ ഏറ്റുവാങ്ങാൻ 15 കുടുംബങ്ങൾ. പായം പഞ്ചായത്ത് കർണാടക അതിർത്തിയിലെ മാക്കൂട്ടം പുഴപുറമ്പോക്കിൽ 2018ലെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചു പോയ 15 കുടിലുകൾക്ക് പകരം കിളിയന്തറയിൽ ഒരുങ്ങിയത് സ്വപ്നതുല്യമായ 15 വീടുകൾ.
കിളിയന്തറയിൽ നിർമിച്ച ജില്ലയിലെ ഏറ്റവും വലിയ പാർപ്പിട പദ്ധതി വെള്ളിയാഴ്ച രാവിലെ പത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ സി.ആർ.എസ് ഫണ്ട് ഉപയോഗിച്ചാണ് അഞ്ചരക്കോടിയിലധികം രൂപ മുടക്കി വില്ല മാതൃകയിൽ പാർപ്പിടങ്ങൾ നിർമിച്ചത്.
പായം പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി കിളിയന്തറ അഞ്ചേക്കർ എന്ന സ്ഥലത്ത് സർക്കാർ വിലക്ക് വാങ്ങിയ ഒരേക്കർ സ്ഥലത്താണ് പാർപ്പിടങ്ങൾ നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻ മന്ത്രി ഇ.പി. ജയരാജൻ, ജില്ല കലക്ടർ അരുൺ കെ വിജയൻ, ജന പ്രതിനിധികൾ, ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ, സംഘാടക സമിതി കൺവീനർ എം.എസ്. അമർജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.