ഇരിട്ടി: വധശ്രമക്കേസിൽ പിടിയിലായി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട യുവാവിനെതിരെ വീണ്ടും കേസെടുത്തു. മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസിലെ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി അനിലിനെതിരെയാണ് (32) കേസെടുത്തത്.
ഏപ്രിൽ 14 ന് പാലപ്പള്ളിയിലുണ്ടായ സംഘർഷത്തെ തുടർന്ന് സി.പി.എം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഏതാനും ബി.ജെ.പി പ്രവർത്തകർക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തിരുന്നു.
ഇതിൽ ഉൾപ്പെട്ട അനിലിനെ തിങ്കളാഴ്ച വൈകീട്ട് മുഴക്കുന്ന് പൊലീസ് പിടികൂടിയെങ്കിലും സ്റ്റേഷനുള്ളിലേക്ക് കയറ്റുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. പൊലീസും ബി.ജെ.പി പ്രവർത്തകരും ഒത്തുകളിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇയാൾക്കെതിരെ വീണ്ടും കേസെടുത്തത്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ട സംഭവത്തിൽ സി.പി.എം പ്രവർത്തകരുടെ പരാതിയിൽ എസ്.ഐ ഉൾപെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.