ഇരിട്ടി: പുതിയ പാലത്തിന് സമീപം മാലിന്യം തള്ളിയിരുന്ന പ്രദേശം ശുചിയാക്കി നിര്‍മിച്ച ഗ്രീന്‍ലീഫ് പാര്‍ക്ക് കേരളത്തിലെങ്ങും നടപ്പാക്കാവുന്ന മാതൃകയായി അവതരിപ്പിക്കുമെന്ന് മാലിന്യ മുക്ത നവകേരള കര്‍മ പദ്ധതി സംസ്ഥാന പ്രതിനിധി എന്‍. ജഗജീവന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. പായം പഞ്ചായത്ത് സഹകരണത്തോടെ ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി നിര്‍മിച്ച പാര്‍ക്ക് സന്ദര്‍ശിക്കുകയായിരുന്നു സംഘം.
പുതിയ പാലം നിര്‍മിച്ചതിന് സമീപം ചെങ്കുത്തായി കിടന്ന സ്ഥലം തട്ടുകളാക്കി തിരിച്ച് ഇരിപ്പിടങ്ങളും ഊഞ്ഞാലും പച്ചപ്പും ചെടികളും ഉള്‍പ്പെടെയായി ഗ്രീന്‍ലീഫ് നിര്‍മിച്ച പാര്‍ക്കില്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ കുമിഞ്ഞുകൂടിയ ഈ പ്രദേശത്തുകൂടി മൂക്കുപൊത്തി നടക്കേണ്ട സാഹചര്യമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇത്തരം പുഴ പുറമ്പോക്ക് പ്രദേശങ്ങള്‍ ഉള്‍പ്പെടെ സന്നദ്ധ സംഘടനകളെ ഉപയോഗപ്പെടുത്തി മനോഹരമായ പാര്‍ക്കുകളാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പായം പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് ഗ്രീന്‍ലീഫ് 10 ലക്ഷത്തോളം രൂപ ചെലവാക്കി പാര്‍ക്ക് നിർമിച്ചത്.
രാത്രി ഉള്‍പ്പെടെ നിരവധി ആളുകളാണ് എത്തുന്നത്. നഗരത്തില്‍ എത്തുന്നവര്‍ക്ക് പഴശ്ശി സംഭരണിയുടെ ഭാഗമായ ഇരിട്ടി പുഴയുടെ കുളിര്‍മയും മനോഹാരിതയും ആസ്വദിച്ച് ശാന്തമായി ഇരിക്കാമെന്നതാണ് പാര്‍ക്കിന്റെ പ്രത്യേകത. സൗജന്യമായാണ് ഇവിടെ പ്രവേശനം. മാലിന്യക്കൂമ്പാരമായിരുന്ന സ്ഥലത്ത് പാര്‍ക്ക് നിര്‍മിച്ച പായം പഞ്ചായത്ത് ഗ്രീന്‍ലീഫ് മാതൃക ഹരിതകേരള മിഷന് ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ സംസ്ഥാന അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന പ്രതിനിധി എത്തിയത്. ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എന്‍. ജെസ്സി, മുജീബ് കുഞ്ഞിക്കണ്ടി, ഗ്രീന്‍ലീഫ് സെക്രട്ടറി പി. അശോകന്, ട്രഷറര്‍ ജുബി പാറ്റാനി, വൈസ് പ്രസിഡന്റ് പി.വി. ബാബു, നിര്‍വാഹകസമിതി അംഗങ്ങളായ പി.പി. രജീഷ്, എന്‍.ജെ. ജോഷി, പി. റഫീഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.