ഇരിട്ടി: കനത്ത മഴ മലയോര മേഖലയിൽ ജനജീവിതം താളം തെറ്റിച്ചു. ഇരിട്ടി നഗരസഭയിലെ വള്ള്യാട് മണ്ണിടിച്ചലിൽ രണ്ട് വീടുകൾ അപകടഭീഷണിയിലായി. മടത്തിയിൽ വീട്ടിന് മുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. നീരൊഴുക്ക് കൂടിയതോടെ പഴശ്ശി ജല സംഭരണിയിൽ നിന്നും വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ് വർധിപ്പിച്ചു.
മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുന്നതിനാൽ അയ്യൻകുന്ന്, കൊട്ടിയൂർ, കേളകം ഭാഗങ്ങളിലെ മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം നൽകി. ഇരിട്ടി നഗരസഭയിലെ വള്ള്യാട് ചെറുവോട്ട് മണ്ണിടിച്ചലിൽ സഹോദരങ്ങളുടെ വീടുകളാണ് അപകടഭീഷണിയിലായത്. പടിഞ്ഞാറെ വീട്ടിൽ പി.വി. ശിവൻ, ലക്ഷ്മി എന്നീ വീടുകളാണ് ഭീഷണിയിലായത്. ശിവന്റെ വീടിന്റെ വരാന്തയോട് അടുത്ത് മണ്ണിടിഞ്ഞു നീങ്ങി.
വീടിന്റെ അടിത്തറ ഇളക്കം വിധം വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ ലക്ഷ്മിയുടെ വീടിനോട് ചേർന്നും വിള്ളൽ വീണു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇടിച്ചൽ ഉണ്ടായത്. രാത്രി ശക്തമായി ഇടിഞ്ഞതോടെ വീട്ടുകാർ സമീപ വീടുകളിലേക്ക് താമസം മാറ്റി. ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. പായം പഞ്ചായത്തിലെ മാടത്തി കാലിക്കണ്ടത്ത് ചോടോൻ പുതിയ വീട്ടിൽ രജിലിന്റെ വീട്ടിന് മുകളിലാണ് തെങ്ങ് വീണത്.
വീടിന് ചെറിയ നാശം നേരിട്ടു. വാർഡ് അംഗം സാജിദിന്റെ നേതൃത്വത്തിൽ നാട്ടുകാർ തെങ്ങ് മുറിച്ചുനീക്കി. ഇരിട്ടി താലൂക്ക് ആസ്പത്രി ഒ.പി ബ്ലോക്കിന്റെ വരാന്തയിൽ വെള്ളം കയറി. രോഗികൾക്കുള്ള വിശ്രമ കേന്ദ്രമാണ് വെള്ളത്തിൽ മുങ്ങിയത്. ഇരിട്ടി- പേരാവൂർറോഡിൽ പയഞ്ചേരി മുക്കിൽ റോഡിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.ഇരിട്ടിയിൽ ബഹുനില കെട്ടിടത്തിന്റെ ചുറ്റുമതിൽ മഴയിൽ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.