ഇരിട്ടി: ലഹരികടത്ത് തടയാൻ കേരള- കർണാടക അതിർത്തി കൂട്ടുപുഴയിൽ പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ വാഹന പരിശോധന. ലഹരി ഉൽപന്നങ്ങൾ മണത്ത് കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ഹീറോ എന്ന പൊലീസ് നായുടെ സഹായത്തോടെയാണ് പരിശോധന ശക്തമാക്കിയത്.
കർണാടകയിലെ ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വൻതോതിലാണ് ലഹരി ഉൽപന്നങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തുന്നത്. ബസുകളിലുൾപ്പെടെയെത്തുന്ന ഇത്തരം ഉൽപന്നങ്ങൾ പരിശോധനയിൽ ഒഴിഞ്ഞു പോകുന്നത് വ്യാപക പരാതികൾക്കിടയായതോടെയാണ് വിദഗ്ധ പരിശീലനം ലഭിച്ച നായുടെ സേവനവും പരിശോധനക്ക് ഉപയോഗിക്കാൻ തീരുമാനിച്ചത്.
കഞ്ചാവ്, ഹാഷിഷ് ഓയിൽ, പുകയില ഉൽപന്നങ്ങൾ എന്നിവ ഹീറോയുടെ സഹായത്തോടെ കണ്ടുപിടിക്കാൻ സാധിക്കും. ഇതോടൊപ്പം ശക്തമായ വാഹന പരിശോധനയും നടത്തുന്നുണ്ട്. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിലാണ് പരിശോധന.
ഇതിനുപുറമെ ഹീറോയുടെ നേതൃത്വത്തിൽ മറ്റ് മൂന്ന് സബ് ഡിവിഷൻ പരിധിയിലും പരിശോധന നടന്നുവരുന്നുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരിവിരുദ്ധ പരിപാടിയായ യോദ്ധാവിന്റെ ഭാഗമായി വിവിധ പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്.
24 മണിക്കൂറും നീളുന്ന വാഹന പരിശോധന ഇരിട്ടി സബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ, എസ്.ഐ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.