ഇരിട്ടി: മലയോരത്ത് ഡെങ്കിപ്പനി ബാധിതർ കൂടുന്നത് ആശങ്കയുയർത്തുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് മലയോരത്ത് ഡെങ്കി കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഈ വർഷം കൂടുതൽ തീവ്രതയോടെയാണ് ഡെങ്കിപ്പനി മേഖലയിൽ കണ്ടെത്തിയിട്ടുള്ളത്.
ചില പഞ്ചായത്തുകളിൽ മരണങ്ങൾ ഉൾപ്പെടെ സംഭവിച്ച സാഹചര്യമാണ്. ഡെങ്കി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മഴക്കാലത്ത് ടാപ്പിങ് നിർത്തിയ നിരവധി റബർ തോട്ടങ്ങളിൽ ചിരട്ടകൾ മാറ്റാതെ വെള്ളം കെട്ടിനിന്ന് കൂത്താടികൾ പെരുകിയത് കണ്ടെത്തി. വീടും പരിസരവും ശുചിയായി സൂക്ഷിച്ചാലും ഒരു റബർ തോട്ടം ഉടമയുടെ അശ്രദ്ധ കാരണം പതിനായിരക്കണക്കിന് ഈഡിസ് കൊതുകുകൾ പെരുകുന്ന സാഹചര്യമാണ്. ടാപ്പിങ് നിർത്തിയ തോട്ടങ്ങളിൽനിന്ന് ചിരട്ടകൾ പൂർണമായി എടുത്ത് അടുക്കി ചാക്കുകളിൽ കെട്ടി നനയാത്ത ഒരിടത്തേക്ക് ഭദ്രമായി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതോടൊപ്പം വീടുകളിൽ കൊതുകുകൾ വളരുന്ന വെള്ളക്കെട്ടുകൾ നാലഞ്ച് ദിവസത്തിൽ ഒരിക്കൽ ഒഴിവാക്കി ഉറവിട രഹിതമാക്കി വെക്കാനും വീടിനകത്തുള്ള മണി പ്ലാന്റുകൾ, ചെടിച്ചട്ടികളുടെ ട്രേ, റഫ്രിജറേറ്ററിന്റെ അടിയിലെ ട്രേ- തുടങ്ങിയവ നാലഞ്ചു ദിവസത്തിൽ ഒരിക്കലെങ്കിലും വെള്ളം മാറ്റാനും നിർദേശിച്ചു. വീടിനു പുറത്തെ പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ, കുട്ടകൾ, കുപ്പികൾ, പ്ലാസ്റ്റിക് മാലിന്യം, വിറകുപുരയും കെട്ടുകളും മറ്റും മൂടിയ പ്ലാസ്റ്റിക് ഷീറ്റുകളിലെ മടക്കുകൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം നാലഞ്ചു ദിവസത്തിൽ ഒരിക്കലെങ്കിലും ഒഴിവാക്കാണം. കവുങ്ങിൻ പാളകൾ പറമ്പിൽ ഉണ്ടെങ്കിൽ പലതായി ചീന്തി വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.