ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തർ സംസ്ഥാന പാതയിൽ കെ.എസ്.ടി.പി നവീകരണ പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ ഒന്നൊന്നായി നിലംപൊത്തുന്നു. നിർമാണത്തിലെ അപാകതയും ഗുണമേന്മ കുറഞ്ഞ സാധനങ്ങളും ഉപയോഗിച്ചാണ് ഇവയിൽ ഭൂരിഭാഗവും സ്ഥാപിച്ചിരിക്കുന്നത്. രണ്ടു വർഷം പോലും തികയുന്നതിന് മുമ്പാണ് ലൈറ്റുകളിൽ ഭൂരിഭാഗവും മിഴിയടച്ചത്. ലൈറ്റ് സ്ഥാപിച്ചതിൽ വൻ അഴിമതി ഉണ്ടായിട്ടും വകുപ്പുതല അന്വേഷണത്തിനു പോലും ബന്ധപ്പെട്ടവർ തയാറായിട്ടില്ല. തലശ്ശേരി മുതൽ വളവുപാറവരെയുള്ള 53 കിലോമീറ്ററിൽ 947 സോളാർ ലൈറ്റുകളാണ് സ്ഥാപിച്ചത്. ഇതിനായി ഒമ്പത് കോടിയാണ് ചെലവഴിച്ചത്. ഒരു വഴിവിളക്കിന് 95000 രൂപ എന്ന നിലയിലായിരുന്നു എസ്റ്റിമേറ്റ് കണക്കാക്കിയത്.
ഇവ സ്ഥാപിച്ച ആദ്യ നാളുകളിൽ നന്നായി പ്രകാശിച്ചിരുന്നു. ഇപ്പോൾ ഒന്നും കാത്താത്ത അവസ്ഥയാണ്. ഇങ്ങനെ തുലക്കാനുള്ളതാണോ ഖജനാവിലെ പൊതുപണം.
പൊതുജനത്തിന് ഇങ്ങനെ ചോദിക്കുകയാല്ലാതെ മറ്റൊന്നും നിവൃത്തിയില്ല. നവീകരണം പൂർത്തിയാക്കിയ റോഡ് കെ.എസ്.ടി.പി പൊതുമരാമത്ത് വകുപ്പിന് കൈമാറി. സോളാർ ലൈറ്റുകൾ പഞ്ചായത്തുകളുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
സോളാർ വഴിവിളക്കിന്റെ തൂണിൽ സ്ഥാപിച്ച ബാറ്ററികൾ യാത്രക്കാരുടെ തലയിൽ വീഴാറായി നിൽക്കുന്നത് അപകടഭീഷണിയും ഉണ്ടാക്കുന്നു. ബാറ്ററികൾ സ്ഥാപിച്ച സംവിധാനം തുരുമ്പെടുത്ത നശിച്ച നിലയിലാണ്. ചിലയിടങ്ങളിൽ ബാറ്ററികൾ താഴെ വീണു കഴിഞ്ഞു. ഇരുപതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററികൾ പിന്നെ അപ്രത്യക്ഷമാവുകയാണ്. വഴിവിളക്കുകൾ തെളിഞ്ഞില്ലെങ്കിലും പ്രശ്നമില്ല ഇവയൊന്ന് റോഡിൽ നിന്നും മാറ്റി തന്നാൽ മതി. തലയിൽ വീണുള്ള അപകടമെങ്കിലും ഒഴിവാക്കാം എന്നാണ് ആളുകൾ പറയുന്നത്.
ലൈറ്റുകാലുകൾ പലതും അശ്രദ്ധയോടെയുള്ള ഡ്രൈവിങ് മൂലം വാഹനം ഇടിച്ച് തകർത്തവയാണ്. ഇതിന്റെ പേരിൽ ഒരു വാഹന ഉടമയിൽ നിന്നും ഇതുവരെ പിഴയീടക്കിയതായോ ഇടിച്ച വാഹനം കണ്ടെത്താനുള്ള പരിശോധന നടത്തിയതായോ എവിടേയും തെളിവുകളുമില്ല.
വിലപിടിപ്പുള്ള ബാറ്ററികൾ പാലതും മോഷ്ടാക്കൾ ഊരിക്കൊണ്ടുപോയി. രണ്ടു ദിവസം മുമ്പാണ് ഉളിയിൽ പാലത്തിന് സമീപത്തെ വൈദ്യുതിത്തൂണിൽ നിന്നും ബാറ്ററി ഊരിക്കൊണ്ടുപോയത്. സമീപത്തെ വ്യാപാരി മട്ടന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. തലശ്ശേരി മുതൽ കൂട്ടുപുഴ വളവുപാറ വരെയുള്ള ഭാഗങ്ങളിൽ നൂറുകണക്കിന് ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടത്. പൊതുമുതൽ നശിപ്പിച്ചവരെ കണ്ടെത്തുന്നതിനുള്ള പരിശോധന പോലും ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടായിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.