ഇരിട്ടി: പ്രധാന തുരങ്കത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതിയുടെ സുരക്ഷയെ ബാധിക്കുന്നു. ജലസംഭരണിയിൽനിന്ന് പ്രധാന തുരങ്കത്തിലേക്ക് വെള്ളം ഒഴുക്കിവിടേണ്ട ഭാഗത്താണ് മണ്ണിടിച്ചിൽ. ഷട്ടർ അടച്ചതോടെ റിസർവോയർ ലെവലിൽ വെള്ളം എത്തിയതാണ് മണ്ണിടിച്ചിലിന് കാരണം.
ഇടിഞ്ഞ ഭാഗത്തുനിന്നും സംഭരണിയിയിൽനിന്നും വെള്ളം ശക്തിയേറിയ ഉറവപോലെ തുരങ്കത്തിലേക്ക് വീഴുകയാണ്. ഇത് തുരങ്കത്തേയും സംഭരണിയേയും വേർതിരിക്കുന്ന മൺതിട്ടയെ ദുർബലമാക്കും. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായാൽ സംഭരണിയിലെ വെള്ളം പ്രധാന തുരങ്കത്തിലൂടെ മറ്റ് മൂന്ന് ചെറിയ തുരങ്കം വഴി വളപട്ടണം പുഴയിലേക്ക് ഒഴുകാനുള്ള സാധ്യത ഏറെയാണ്.
സംഭരണിക്കും തുരങ്കത്തിനും ഇടയിലെ മൺതിട്ടയിൽ പാറയുടെ പ്രതലം കാണുന്നതുവരെയുള്ള ഭാഗത്തെ മണ്ണ് ശക്തമായ കുത്തൊഴുക്കിൽ എടുത്തുപോയാൽ സംഭരണിയുടെ ശേഷി മൂന്നിലൊന്നായി കുറയും. ഇത് ജില്ലയിലേക്കുള്ള കുടിവെള്ളവിതരണത്തേയും ബാധിക്കും. ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ പഴശ്ശി സാഗർ നിർമാണവും പ്രതിസന്ധിയിലാണ്. കുടിവെള്ളത്തിനായി സംഭരിച്ച ജലം സംഭരണിയിൽനിന്ന് തുരങ്കം വഴി വളപട്ടണം പുഴയിലേക്ക് പ്രവേശിക്കുന്നത് തടയാൻ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.