ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് മോഷണം പോയ 26 ലാപ്ടോപ്പുകളിൽ 24 എണ്ണം പൊലീസ് വീണ്ടെടുത്തു. മോഷ്ടാക്കളിൽ രണ്ടുപേരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. ലാപ്ടോപ് വാങ്ങി വിൽപന നടത്തിക്കൊടുക്കാൻ ഏറ്റവരെയും കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിന്നവരെയുമാണ് ഇനി പിടികിട്ടാനുള്ളത്.
കഴിഞ്ഞ വർഷം സ്‌കൂളിൽനിന്ന് രണ്ടു ലാപ്ടോപ് മോഷ്ടിച്ചവർ തന്നെയാണ് ഇത്തവണയും മോഷണം നടത്തിയതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം പറഞ്ഞു. ഇപ്പോൾ ആറളം ഫാം പത്താം ബ്ലോക്കിലെ താമസക്കാരായ മാറാട് പാലക്കൽ ഹൗസിൽ ദീപു (31), തലശ്ശേരി ടെംപ്ൾ ഗേറ്റിലെ കുന്നുംപുറത്ത് ഹൗസിൽ മനോജ് (54) എന്നിവരെയാണ് ഇരിട്ടി സി.ഐ എം.പി. രാജേഷി െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇരിട്ടി പഴയപാലം റോഡിലെ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ച അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം മോഷണത്തിന് നേതൃത്വം നൽകിയ ദീപുവിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പേരാവൂരിലെ മോഷണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ദീപു ശിക്ഷ കാലാവധി കഴിഞ്ഞ് മാർച്ച്് 22ന് ജയിൽമോചിതനായിരുന്നു. ജയിലിൽവെച്ച് ഇയാൾ സഹതടവുകാരോട് ലാപ്ടോപ് വിൽക്കാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇത് പിടിവള്ളിയാക്കി നടത്തിയ അന്വേഷണമാണ് എളുപ്പത്തിൽ പ്രതികളിലേക്ക് എത്താൻ സഹായിച്ചത്.കഴിഞ്ഞ വർഷം മോഷണ പങ്കാളിയായ മനോജിനെയും കൂട്ടി ദീപു മേയ് നാലിന് രാത്രി എട്ടോടെയാണ് സ്‌കൂളിൽ എത്തിയത്. പ്രധാന ഗേറ്റി െൻറ പൂട്ട് തകർത്താണ് അകത്തു കയറിയത്. വിജനമായ പ്രദേശമായതിനാൽ കാര്യങ്ങൾ എളുപ്പമായി. ഇരിക്കൂറിൽനിന്ന് വിളിച്ച ഗുഡ്സ് ഓട്ടോറിക്ഷയിലാണ് ലാപ്ടോപ് കടത്തിക്കൊണ്ടുപോയത്. ചക്കരക്കല്ലിലെ ഒരു വ്യക്തിയെയാണ് ഇത് വിൽപന നടത്താൻ ഏൽപിച്ചത്. ഇയാളിൽനിന്ന് പൊലീസിന് മോഷണ വിവരം ലഭിച്ചു.
മോഷണത്തിന് പ്രേരിപ്പിച്ചത് ഓട്ടോറിക്ഷ ഡ്രൈവറാണെന്നാണ് പൊലീസ് നിഗമനം. മോഷ്ടിച്ച ലാല്‌ടോപ്പുകളിൽ രണ്ടെണ്ണം മറ്റൊരു വ്യക്തിയുടെ നിയന്ത്രത്തിലാണ് ഉള്ളത്. ഇയാളെയും പൊലീസ് തിരിച്ചറിഞ്ഞു. ലാപ്‌ടോപ് വാങ്ങാൻ ഇയാളെ പ്രേരിപ്പിച്ച ഘടകവും പരിശോധിച്ചുവരുകയാണ്.അറസ്റ്റിലായ ദീപുവിന് ജില്ലക്ക് അകത്തും പുറത്തുമായി 20ൽ അധികം കേസുകളുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു. മനോജി െൻറ പേരിൽ നാലു കേസുകളും ഉണ്ട്. പ്രതികളെ കോവിഡ് പരിശോധക്ക് വിധേയമാക്കി മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സി.ഐക്ക് പുറമെ എസ്.ഐമാരായ അബ്ബാസ് അലി, കെ.ടി. മനോജ്, എ.എസ്.ഐ റോബിൻസൺ, സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് റഷീദ്, ഷൗക്കത്തലി, അബ്ദുൽ നവാസ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.