ഇരിട്ടി: നഗരസഭയിലെ എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ 10 ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകുന്നു. വർഷങ്ങൾക്കു മുൻപ് പഴശ്ശി പദ്ധതി-എടക്കാനം റോഡരികിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് ഭൂമിയിൽ കൈവശാവകാശം നൽകുന്നത്. 50 വർഷത്തിലധികമായി തമാസമാക്കുന്ന കുടുംബങ്ങൾക്ക് ആർക്കും ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് ജന്മി ഊരുമൂപ്പന് ദാനംനൽകിയ ഭൂമിയായിരുന്നു ഇത്. മൂപ്പനുമായി ബന്ധപ്പെട്ട് കഴിയുന്ന കുടുംബങ്ങൾ ഇവിടെ ചെറിയ വീടുകൾ നിർമിക്കുകയായിരുന്നു.
ഭൂമിയിൽ കൈവശാവകാശം ഇല്ലാത്തതിനാൽ ഇവർക്ക് സർക്കാറിന്റെ ഭവന നിർമാണ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭിച്ചിരുന്നില്ല. അറ്റകുറ്റപ്പണികൾ പോലും നടത്താനുള്ള ശേഷിയില്ലാത്തതിനാൽ പല വീടുകളും അപകടനിലയിലാണ്. ലീഗൽ സർവിസസ് അതോറിറ്റി നടത്തിയ പരിശോധനയിൽ കോളനി നിവാസികളുടെ ദുരിതം കമീഷന് നേർക്കാഴ്ച്ചയായി. തുടർന്ന്, അതോറിറ്റി നടത്തിയ ശ്രമമാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്.
താമസിക്കുന്ന ഭൂമിയുടെ ജന്മിയിൽ നിന്ന് സമ്മതപത്രം വാങ്ങി ഭൂമി ഇവർക്ക് അളന്നു നൽകാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി വിൻസി ആൻ പീറ്റർ ജോസഫിന്റെ നേതൃത്വത്തിൽ സംഘം കോളനിയിൽ എത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി. കോളനിയിലെ 10 കുടുംബങ്ങൾക്കും വീതിച്ചുനൽകും.
കോളനിയിൽ സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് സ്ഥലം നീക്കിവെക്കും. നഗരസഭ സാംസ്കാരിക നിലയത്തിനായി ആറു ലക്ഷം രൂപയും അനുവദിച്ചിരുന്നു. വാർഡ് അംഗം കെ. മുരളീധരൻ, പാരലീഗൽ വളന്റിയർമാരായ എൻ. സുരേഷ് ബാബു, രേഖ വിനോദ്, റോജ രമേശ് എന്നിവർ അളവിന് നേതൃത്വം നൽകി. പായം വില്ലേജ് ഓഫിസർ ആർ.പി. പ്രമോദിന്റെ നേതൃത്വത്തിൽ ആയിരുന്നു ഭൂമി അളന്ന്തിരിച്ചത്. കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടുകൾ അവർ തന്നെ ഉപയോഗിക്കും. സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ നിന്നുള്ള സഹായം ലഭിക്കുന്ന മുറയ്ക്ക് അനുവദിച്ച സ്ഥലത്ത് പുതിയ വീടുകൾ നിർമിച്ചുനൽകും. കോളനിയിൽ കുടിവെള്ളത്തിനുള്ള സൗകര്യവും നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.