ഇരിട്ടി: നൂറ്റിപ്പതിമൂന്നാം വയസ്സിലും ജനാധിപത്യ ഉത്സവത്തിൽ പങ്കെടുത്ത് വോട്ടുചെയ്ത് താരമായിരിക്കുകയാണ് ഉളിയിൽ പാച്ചിലാളത്തെ താഴെ വീട്ടിൽ പാനേരി അബ്ദുല്ല. പേരാവൂർ നിയമസഭ മണ്ഡലത്തിലെ ബൂത്ത് 54ലെ 279ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് അബ്ദുല്ല. തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിർദേശപ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിങ് ഉദ്യോഗസ്ഥർ പാച്ചിലാളത്തെ അബ്ദുല്ലയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്.
വെള്ളിയാഴ്ച രാവിലെ പത്തോടെ എത്തിയ പോളിങ് ഉദ്യോഗസ്ഥർ വോട്ടേഴ്സ് ലിസ്റ്റ് പരിശോധന നടത്തി. തുടർന്ന് അബ്ദുല്ലയുടെ വിരലിൽ മഷി പുരട്ടി വിരലടയാളം രേഖപ്പെടുത്തി. പിന്നീട് മകൻ ടി.വി. അലിയുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പർ കവറിലിട്ട് ഒട്ടിച്ച് സമീപത്തുവെച്ച മെറ്റൽ ഡ്രോപ് ബോക്സിൽ നിക്ഷേപിച്ചതോടെ വോട്ടിങ് പ്രക്രിയ പൂർത്തിയായി. വോട്ടിന് സാക്ഷിയാകാൻ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരും സ്ഥലത്തെത്തിയിരുന്നു. പേരാവൂർ നിയോജക മണ്ഡലത്തിലെ പ്രായം കൂടിയ വോട്ടറാണ് അബ്ദുല്ല. കഴിഞ്ഞ വോട്ടേഴ്സ് ദിനത്തിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അബ്ദുല്ലയെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.