ഇരിട്ടി: കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മാക്കൂട്ടം ചുരം പാത തകർന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള ചുരംപാതയുടെ പകുതിയിലധികവും തകർന്നതോടെ അന്തർ സംസ്ഥാന യാത്ര പ്രയാസമായി. 20 കി.മീറ്റർ പാതയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വൻകുഴികളാണ്.
ആംബുലൻസ് അടക്കം ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് യാത്രാവാഹനങ്ങളും കേരളത്തിലേക്കുള്ള പഴം, പച്ചക്കറി വാഹനങ്ങളും പോകുന്ന പാതയുടെ തകർച്ച വൻ യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്.
കൊടും വളവുകളിൽ രൂപപ്പെട്ട ഗർത്തങ്ങൾ വലിയ വാഹനങ്ങൾക്ക് ഭീഷണിയാണ്.
24 മണിക്കൂർ യാത്രാനുമതിയുള്ള ചുരം പാതയിൽ രാത്രിയാത്ര സുരക്ഷിതമല്ലാതായി. റോഡിന്റെ ശോച്യാവസ്ഥയോടൊപ്പം റോഡിനിരുവശവുമുള്ള വീഴാറായ മരങ്ങളും അടുത്തിടെ യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി റോഡരികിൽ തള്ളിയ സംഭവവും യാത്രക്കാരിൽ ഭീതി വിതക്കുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് ചുരം റോഡിൽ ഇരിട്ടി ഉളിയിൽ സ്വദേശി ബൈക്ക് യാത്രികൻ അപകടത്തിൽപെട്ട് ദാരുണമായി മരിച്ചത്. ഒരുമാസം മുമ്പ് ട്രോളി ബാഗിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിയാതെ പൊലീസും ഇരുട്ടിൽ തപ്പുകയാണ്. റോഡുകൂടി തകർന്നതോടെ രാത്രിയും പകലും ഇതുവഴിയുള്ള യാത്ര സുരക്ഷിതമല്ലാതായി.
16 കി.മീറ്റർ വരുന്ന ചുരം പാത ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ് പോകുന്നത്. മൊബൈൽ നെറ്റ് വർക് ലഭിക്കാത്ത വനമേഖലയിലൂടെയുള്ള യാത്രയിൽ അപകടങ്ങൾ നടന്നാൽ പുറംലോകമറിയാൻ മണിക്കൂറുകളെടുക്കും.
മേഖലയിലെ സാമൂഹികദ്രോഹികളുടെ സാന്നിധ്യം കാരണം രാത്രികാലങ്ങളിൽ അപകടത്തിൽ പെടുന്ന വാഹനയാത്രക്കാരെ സഹായിക്കാൻ മറ്റ് വാഹനങ്ങളിലുള്ളവർ വൈമനസ്യം കാണിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പല വളവുകളിലും വാഹനമിടിച്ചു തകർന്ന സുരക്ഷവേലികൾക്ക് പകരം അപകട മുന്നറിയിപ്പ് തരുന്ന റിബൺ മാത്രമാണുള്ളത്. മട്ടന്നൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ചുരം റോഡിന്റെ പ്രാധാന്യം ഇരട്ടിയായെങ്കിലും റോഡിന്റെ അവസ്ഥ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. ചുരംപാതയെ ദേശീയപാതയാക്കി ഉയർത്താനുള്ള നടപടികളും എങ്ങുമെത്തിയില്ല. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ കേരള, കർണാടക സർക്കാറുകൾ ഒന്നിച്ച് ഉന്നതതല ചർച്ചകൾ നടത്തി ഉടൻ വേണ്ടത് ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.