ഇരിട്ടി: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായി മഴക്കുമുമ്പേ പൂർത്തീകരിക്കേണ്ട മൂന്ന് പാലങ്ങളുടെ നിർമാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതായി പരാതി. വള്ളിത്തോട്-മണത്തണ റീച്ചിൽ വരുന്ന വെമ്പുഴ, ആനപ്പന്തി, ചേംതോട് പാലങ്ങളുടെ പ്രവൃത്തിയാണ് വൈകുന്നത്.
ഇതിൽ ആനപ്പന്തി പാലത്തിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. ആദ്യം പണി തുടങ്ങിയ വെമ്പുഴ പാലം മൂന്നുമാസം പിന്നിടുമ്പോഴും ഒരുതൂണിന്റെ കോൺക്രീറ്റ് പ്രവൃത്തി മാത്രമാണു പൂർത്തിയായത്. ചേംതോട് പാലം രണ്ടാംതൂൺ നിർമാണ പ്രവൃത്തി തുടങ്ങി.
വെമ്പുഴ പാലം പണിയിലെ കാലതാമസമാണു പ്രദേശവാസികളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുള്ളത്. 16 മീറ്റർ നീളമുള്ള വെമ്പുഴ പാലത്തിന്റെ നിർമാണ പ്രവൃത്തി ആദ്യഘട്ടത്തിൽ ദ്രുതഗതിയിൽ ആരംഭിച്ചെങ്കിലും പിന്നീട് ഇഴയുകയായിരുന്നു. മഴക്കു മുമ്പ് പണി പൂർത്തിയാക്കാനാകില്ല.
മഴക്കാലത്ത് കുത്തിയൊലിച്ചൊഴുകുന്ന വെമ്പുഴയിൽ കുറുകെ മണ്ണിട്ടു ഉയർത്തി താൽക്കാലിക റോഡ് നിർമിച്ചു ഗതാഗതം തിരിച്ചു വിട്ടുമാണ് പാലം പണി നടത്തുന്നത്. മഴ ശക്തമായാൽ താൽക്കാലിക റോഡ് തകർന്നു ഗതാഗതം വഴിമുട്ടും.
അയ്യൻകുന്ന്-ആറളം പഞ്ചായത്തുകളെ കോർത്തിണക്കുന്നതാണ് വെമ്പുഴ പാലം. ചേംതോട് പാലം ചീങ്കണ്ണി പുഴയിൽനിന്ന് വെള്ളം കയറുന്നതാണ്. കാലവർഷം ശക്തമാകുന്ന ഘട്ടങ്ങളിലെല്ലാം പാലം വെള്ളത്തിനടിയാലാകാറുണ്ട്.
പുതിയ പാലം ഉയർത്തിയാണ് പണിയുന്നത്. ഇവിടെയും തോടിനു കുറുകെ മണ്ണിട്ടാണു ഗതാഗതം തിരിച്ചു വിട്ടിട്ടുള്ളത്. 13.5 മീറ്ററാണ് പാലത്തിന്റെ നീളം. ആനപ്പന്തി പാലം പണി തുടങ്ങിയിട്ടില്ല. പുഴക്കുകുറുകെ താൽക്കാലിക റോഡ് നിർമിച്ചതേയുള്ളൂ. 20 മീറ്ററാണ് ആനപ്പന്തി പാലത്തിന്റെ നീളം.
മൂന്നു പാലങ്ങളുടെയും വീതി 12.5 മീറ്ററാണ്. 9 മീറ്റർ ടാറിങ് വീതിയും ഇരുവശത്തും കൈവരിയോടു കൂടി 1.75 മീറ്റർ വീതം നടപ്പാതകളും ഉൾപ്പെടും.
മലയോര ഹൈവേയുടെ വള്ളിത്തോട് - മണത്തണ റീച്ചിൽ പെട്ട 25.3 കിലോമീറ്റർ റോഡ് വീതി കൂട്ടി നിലവാരം മെച്ചപ്പെടുത്തൽ നിർമാണ പ്രവൃത്തിക്കായി 57 കോടി രൂപക്കാണ് ആദ്യ ഘട്ടത്തിൽ കരാർ. ഇതിൽ 3.25 കോടി രൂപയോളമാണ് പാലങ്ങൾക്കായി വിനിയോഗിക്കുന്നത്. പാലങ്ങളുടെനിർമാണ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്നതിനാലാണ് ആനപ്പന്തി പാലം പണി ഒടുവിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.