ഇരിട്ടി: നഗരസഭയെയും മുഴക്കുന്ന് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന അത്തി-ഊവ്വാപ്പള്ളി റോഡ് കൈയേറി മതിൽ നിർമിക്കുന്നതായി പരാതി. റോഡിന്റെ ടാറിങ് നടത്തിയ ഭാഗത്തുനിന്നും ഒരുമീറ്റർ പോലും ദൂരപരിധി നോക്കാതെ മതിൽ നിർമിക്കുന്നുവെന്നാണ് പരാതി. അടുത്തിടെ കൈമാറ്റം ചെയ്യപ്പെട്ട സ്വകാര്യ വ്യക്തിയുടെ സ്ഥലം വാങ്ങിയ ആളാണ് മതിൽ നിർമിക്കുന്നത്. റോഡിന്റെ മുഴക്കുന്ന് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭാഗത്തെ നിർമാണം ഭാഗികമായി പൂർത്തിയാക്കി. ഇരിട്ടി-പേരാവൂർ സംസ്ഥാന ഹൈവേയോട് ചേർന്ന് വരുന്ന ഇരിട്ടി നഗരസഭ പരിധിയിൽ വരുന്ന ഭാഗത്തെ നിർമാണമാണ് തിങ്കളാഴ്ച നാട്ടുകാർ തടഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് അംഗവും റോഡ് ഭാവിയിൽ വികസിക്കുന്നതിന് തടസ്സമാകുന്ന രീതിയിലുള്ള പ്രവൃത്തി അംഗീകരിക്കില്ലെന്ന നിലപാടെടുത്തു. പ്രതിഷേധത്തെ തുടർന്ന് സ്ഥലം ഉടമ റോഡിനോട് ചേർന്ന ഭാഗത്തെ നിർമാണം നിർത്തിവെച്ചു. റോഡിന്റെ ടാറിങ് വരെയുള്ള ഭാഗം കഴിഞ്ഞ് ഒരു മീറ്ററോളം വിട്ട് മതിൽ പണിയണമെന്ന കാര്യം സ്ഥലം ഉടമയുടെ ശ്രദ്ധയിൽപെടുത്തുമെന്നും വാർഡ് അംഗം എൻ.കെ. ഇന്ദുമതി പറഞ്ഞു. സ്ഥലത്തിന് നേരത്തെയുള്ള അതിർത്തി നിർണയിച്ചാണ് നിർമാണം നടത്തുന്നതെന്ന് സ്ഥലമുടമ പറഞ്ഞു. മതിലല്ലെന്നും അതിർത്തി നിർണയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും റോഡ് വികസിപ്പിക്കുമ്പോൾ മറ്റുള്ളവർ വിട്ടുനൽകുന്നതുപോലെ ആവശ്യമായ സ്ഥലം വിട്ടുനൽകുമെന്നും സ്ഥലമുടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.