ഇരിട്ടി: ജില്ലയിലെ അവസാന പര്യടന കേന്ദ്രമായ പേരാവൂര്‍ മണ്ഡലത്തില്‍ മഴയിലും തോരാത്ത ആവേശമായിരുന്നു. കുടചൂടിയും കസേര തലയിൽ ചൂടിയും ആയിരങ്ങളാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാത്തിരുന്നത്. ഇരിട്ടി പയഞ്ചേരി മുക്കില്‍ സംഘടിപ്പിച്ച പേരാവൂര്‍ മണ്ഡലം നവകേരള സദസ്സ് നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നല്ല വേഗതയില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന നടപടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിലൂടെ ജനലക്ഷങ്ങളുമായാണ് ഇതിനകം സംവദിച്ചു. ഈ ഊര്‍ജം കേരളത്തിന്റേതാണ്. നമ്മുടെ നാടിനെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നതാണ് ഇത് നല്കുന്ന സന്ദേശം. നമ്മുടെ നാട് പിറകോട്ടടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
കേന്ദ്രസര്‍ക്കാറിനും കേരളത്തിലെ പ്രതിപക്ഷത്തിനും യു.ഡി.എഫിനും ഒരേ മനസ്സാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഗെയില്‍ പൈപ്പ് ലൈനാണ് പ്രധാനമായി അദ്ദേഹം ഉന്നയിച്ചത്. ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണോ എന്നതാണ് പ്രധാനമന്ത്രി ചോദിച്ച ചോദ്യം.
അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഈ സര്‍ക്കാര്‍ എന്ന് മറുപടി നല്കി. ദേശീയപാത അതോറിറ്റിയും ഇടമണ്‍ കൊച്ചി പവര്‍ ഹൈവേയും ഇവിടെ ഒന്നും നടക്കില്ലെന്ന് കരുതി ഓഫിസും പൂട്ടി സ്ഥലം വിട്ടതാണ്. 2016ല്‍ അധികാരത്തില്‍വന്ന് സര്‍ക്കാര്‍ നാടിന്റെ വികസനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേകം സജ്ജമാക്കിയ 18 കൗണ്ടറുകളിലായി 2982 പരാതി മണ്ഡലത്തിൽ സ്വീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്, വി.എന്‍. വാസവന്, ജി.ആര്. അനില്‍ എന്നിവര്‍ സംസാരിച്ചു.
ഡോ.വി. ശിവദാസന്‍ എം.പി, മുന്‍മന്ത്രി പി.കെ ശ്രീമതി, ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന് തുടങ്ങിയവർ പങ്കെടുത്തു. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ കെ. പ്രദോഷ് കുമാര്‍ സ്വാഗതവും ഇരിട്ടി നഗരസഭാധ്യക്ഷ കെ. ശ്രീലത നന്ദിയും പറഞ്ഞു.
കണ്ണൂർ: മൂന്ന് ദിവസമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിന് ബുധനാഴ്ച സമാപനം. ഇരിട്ടി പയഞ്ചേരി മുക്കില്‍ പേരാവൂര്‍ മണ്ഡലം നവകേരള സദസ്സ് പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അടുത്ത ജില്ലയായ വയനാട്ടിലേക്ക് നീങ്ങി.
തിങ്കളാഴ്ച പയ്യന്നൂർ മണ്ഡലം നവകേരള സദസ്സോടെയാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. ആദ്യദിനം പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍ മണ്ഡലങ്ങളിലെയും രണ്ടാം ദിനം അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി മണ്ഡലങ്ങളിലെയും പര്യടനം പൂർത്തിയാക്കി.
ബുധനാഴ്ച കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലെ സദസിന് ശേഷം നവകേരള സംഘം വയനാടൻ ചുരം കയറി. ഓരോ മണ്ഡലങ്ങളിലും വന്‍ജനാവലിയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിക്കാനായി എത്തിയത്. ആദ്യ രണ്ട് ദിവസങ്ങളിൽ പയ്യന്നൂരും കണ്ണൂരും നടത്തിയ പ്രഭാത യോഗങ്ങളില്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായും സംവദിച്ചു.
നവകേരള സദസിന്റെ ഭാഗമായി ബുധനാഴ്ച തലശ്ശേരിയിൽ ആദ്യ മന്ത്രിസഭ യോഗം ചേർന്നതും അപൂർവ കാഴ്ചയായി. 11 മണ്ഡലങ്ങളിൽനിന്ന് ആകെ 28,584 പരാതികൾ സ്വീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിൽനിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചത്. 20 കൗണ്ടറുകളിൽനിന്ന് 3350 പരാതികൾ ലഭിച്ചു.
മട്ടന്നൂർ: നട്ടുച്ചവെയിലിലും തളരാതെയാണ് മട്ടന്നൂർ ജനത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാത്തിരുന്നത്. അന്താരാഷ്ട്ര വിമാനത്താവളം ഒന്നാംഗേറ്റിന് സമീപത്ത് ഒരുക്കിയ പവിലിയനിലേക്ക് രാവിലെ മുതൽ തന്നെ ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. ഓരോ ബൂത്തുകളിൽ നിന്നും പ്രത്യേകം ഒരുക്കിയ ബസുകളിൽ കൂട്ടമായെത്തിയതോടെ മനുഷ്യമഹാ മുദ്രത്തിന് മട്ടന്നൂർ സാക്ഷിയായി. മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിച്ച ചെണ്ടമേളത്തിന് താളംപിടിച്ചാണ് ജനമൊഴുകിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എത്തിയപ്പോൾ നിലക്കാത്ത കരഘോഷം. നവകേരള സദസ്സിന്റെ ഭാഗമായി മട്ടന്നൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കെ. ഭാസ്കരൻ, കൃഷ്ണകുമാർ കണ്ണോത്ത്, കെ.പി. രമേഷ്ബാബു എന്നിവർ തയാറാക്കിയ സുവനീർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഉജ്ജ്വല ബാല്യം പുരസ്കാര ജേതാക്കളായ എടയന്നൂരിലെ വി. മൻമേഘ്, കശ്യപ് നാഥ് എന്നിവർ ചേർന്ന് കാൻവാസിൽ വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രേഖാചിത്രം വേദിയിൽ പ്രദർശിപ്പിച്ചു.
നവകേരള സദസ്സിനോടുള്ള ജനപ്രതികരണം യു.ഡി.എഫ് നേതാക്കളുടെ സമനില തെറ്റിക്കുന്നതായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് തടസ്സമാവുന്നതില് മുഖ്യപങ്കാണ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നതെന്നും സഹായിക്കാന്‍ ബാധ്യതപ്പെട്ട ഇടങ്ങളിലെല്ലാം തടസ്സം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരാതി സ്വീകരിക്കാനായി 20 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. 3350 പരാതികൾ ലഭിച്ചു. കെ.കെ. ശൈലജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സംസാരിച്ചു. ഡോ.വി. ശിവദാസന്‍ എം.പി, എം.വി. ഗോവിന്ദന് എം.എല്‍.എ, ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, മട്ടന്നൂര്‍ നഗരസഭാധ്യക്ഷൻ എന്‍. ഷാജിത്ത്, ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
പാനൂർ: ഓഖിയും പ്രളയവും കോവിഡ് മഹാമാരിയുമെല്ലാം ഒന്നിച്ചുനേരിട്ട ജനതയാണ് നമ്മുടേതെന്നും ദുരന്തഘട്ടത്തിൽ വിതരണം ചെയ്ത അരിവിലയടക്കം കേന്ദ്രം ചോദിച്ചതിനെതിരെ പ്രതിപക്ഷം അരയക്ഷരം പോലും മിണ്ടിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ് പാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നല്ല കാര്യം ഇവിടെ നടക്കാൻ പാടില്ലെന്നാണ് യു.ഡി.എഫിന്റെ നിർബന്ധം. ഏത് കാര്യവും ബഹിഷ്കരിക്കരണം. ലോകകേരളസഭയും നവകേരളസദസ്സും ബഹിഷ്കരിച്ചു. അർഹതപ്പെട്ടത് നിഷേധിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ സംസാരിക്കാൻ കേരളത്തിലെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. 2021ന് ശേഷം എല്ലാ കാര്യത്തിലും ഉടക്കിടുന്നതിനാണ് കേന്ദ്രത്തിന് താൽപര്യം.
തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള 550 കോടിയലധികം കുടിശ്ശികയാണ്. ഓരോ കാര്യവും ശരിയായ രീതിയിൽ നിർവഹിക്കാനായത് ജനങ്ങൾ നൽകിയ പിന്തുണ കൊണ്ടാണ്. ദുരന്തങ്ങളുടെ ഘട്ടത്തിൽ സംസ്ഥാനത്തിന് മതിയായ സഹായവും പിന്തുണയും കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കണം.
ഒരു ഘട്ടത്തിലും കേരളത്തിന് സാധാരണ ഗതിയിൽ അർഹമായ പിന്തുണ കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടില്ല. ഇത് ജനാധിപത്യ സംവിധാനത്തിൽ നടക്കാൻ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിശ്ചയിച്ചതിലും ഒരുമണിക്കൂർ വൈകിയാണ് പാനൂരിൽ നവകേരള സദസ്സ് തുടങ്ങിയത്. പൊരിവെയിലിലും ആയിരങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാത്തിരുന്നു. 2,477 പരാതികള്‍ സ്വീകരിച്ചു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്കി 18 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.
കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. എം.വി. ഗോവിന്ദൻ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ.വി. വേണു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടർ അരുൺ കെ. വിജയൻ, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, പി. ജയരാജൻ എന്നിവർ പങ്കെടുത്തു.
ഇരിട്ടി: ‘ഞങ്ങൾക്കു പഠിക്കണം സാറേ, വഴിയുണ്ടാക്കി തരണമെന്ന’ അപേക്ഷയുമായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പേരാവൂർ നിയോജക മണ്ഡലം നവകേരള സദസ്സിലെത്തി മന്ത്രിമാർക്ക് പരാതി നൽകി.
മാനേജ്മെന്റ് അംഗങ്ങൾ തമ്മിലുള്ള നിയമതർക്കവും കോടതി വ്യവഹാരവും മൂലം ആറു വർഷത്തിലധികമായി ഭരണപരമായ പ്രതിസന്ധി മൂലം സ്കൂളിന്റെ സുഗമമായ ദൈനംദിന പ്രവർത്തനത്തെ പ്രയാസത്തിലാക്കിയതായി പരാതിയിൽ പറയുന്നു. നിയമതർക്കത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകർക്കു പകരം പുതിയ അധ്യാപകരെ നിയമിക്കാൻ സാധിക്കാത്തതുമൂലം ആവശ്യത്തിന് അധ്യാപകരില്ലാത്തതും പ്രതിസന്ധിയാണ്.
സൊസൈറ്റി അംഗങ്ങളായ മാനേജ്മെന്റ് അംഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനും ഞങ്ങൾ വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് തീർപ്പുണ്ടാക്കുന്നതിനും സർക്കാർ എത്രയും വേഗം ഇടപെട്ട് വിദ്യാലയത്തെ സംരക്ഷിക്കണമെന്നും പരാതിയിൽ പറയുന്നു. യു.പി മുതൽ പ്ലസ്ടു വരെയുള്ള രണ്ടായിരത്തോളം വിദ്യാർഥികൾ ഒപ്പിട്ട പരാതി നവകേരള സദസ്സ് നടക്കുന്ന വേദിക്കു സമീപത്തെ പരാതി സ്വീകരണ കേന്ദ്രത്തിലെത്തി ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശന് കൈമാറി.
ഇതേ ആവശ്യം ഉന്നയിച്ച് പി.ടി.എയുടെ നേതൃത്വത്തിൽ സ്കൂൾ അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥി സംഘടനയുടെയും നേതൃത്വത്തിൽ പ്രത്യേകം പരാതിയും ഇതോടൊപ്പം നവകേരള സദസ്സിൽ കൈമാറി. പ്രിൻസിപ്പൽ കെ.ഇ. ശ്രീജ, പ്രധാനാധ്യാപിക ഷൈനി യോഹന്നാൻ, പി.ടി.എ പ്രസിഡന്റ് സന്തോഷ് കോയിറ്റി, വൈസ് പ്രസിഡന്റ് ആർ.കെ. ഷൈജു, അധ്യാപകരായ സി.വി. ശശീന്ദ്രൻ, കെ.വി. സുജേഷ് ബാബു, എം. പുരുഷോത്തമൻ, സി. ഹരീഷ്, പി.പി. ഷമീർ, പി. മനീഷ്, പൂർവ വിദ്യാർഥി പ്രതിനിധികളായ പി.വി. അബ്ദുൽ റഹ്മാൻ, പി. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ: തലശ്ശേരി ചമ്പാട് സ്കൂളിലെ വിദ്യാർഥികളെ പൊരിവെയിലത്ത് നിർത്തി നവകേരള സദസ്സിന്റെ മുദ്രാവാക്യം വിളിപ്പിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്നും അധ്യാപകർക്കെതിരെ കേസെടുക്കണമെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ലയും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും പരിവാരങ്ങളും എ.സി ബസിൽ സഞ്ചരിക്കുന്ന സമയത്ത് പിഞ്ചുകുട്ടികളെ വെയിലിൽ നിർത്തി അവർക്ക് മുദ്രാവാക്യം വിളിക്കണമെന്ന് നിർദേശം നൽകിയ അധ്യാപകരുടെ മനസ്സും ക്രൂരമാണ്. ഇത്തരം അധ്യാപകർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.