ഇരിട്ടി: പൊതുയിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കി പാർക്ക് നിർമിച്ചു വീണ്ടും ഒരുമയുടെ മാതൃക പ്രവർത്തനം. സന്നദ്ധ ദുരന്ത നിവാരണ സേനയായ ഒരുമ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ പ്രധാനമായും ഉപയോഗപ്പെടുത്തിയാണ് വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം തലശ്ശേരി-കുടക് പാതയിൽ പാർക്ക് ഒരുക്കിയത്.
ഒരുമയുടെ നേതൃത്വത്തിൽ സംസ്ഥാനാന്തര പാതയിൽ ഒരുക്കുന്ന നാലാമത്തെ പൊതുസംരംഭമാണിത്. നേരത്തെ വള്ളിത്തോട് മാർക്കറ്റ് സ്ഥലത്തെ രണ്ട് ഇടങ്ങളിലും എഫ്.എച്ച്.സി ബസ് സ്റ്റോപ് പരിസരത്തും മാലിന്യം തള്ളുന്ന പ്രദേശങ്ങൾ ശുചിയാക്കി ചെടികളും ഫലവൃക്ഷത്തൈകളും പിടിപ്പിച്ചിരുന്നു. ‘അഴുക്കിൽ നിന്നു അഴകിലേക്ക്- ചില്ല’ എന്നുപേരിട്ട പദ്ധതി പ്രകാരമാണു ഒരുമയുടെ 70 ഓളം സന്നദ്ധ പ്രവർത്തകർ ജനകീയ പങ്കാളിത്തത്തോടെ ഈ പ്രവർത്തനം നടത്തുന്നത്.പുതിയ പാർക്കിൽ ഊഞ്ഞാൽ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. വലിയ മരങ്ങൾ സംരക്ഷണ ഭിത്തി കെട്ടി ചുവട്ടിൽ കല്ലുകൾ നിരത്തി മനോഹരമാക്കിയിട്ടുണ്ട്. ബാരാപ്പുഴയിൽ ഒഴുകിയെത്തി ദ്രവിച്ച മരങ്ങളുടെ കുറ്റിഭാഗവും മറ്റും അലങ്കാരങ്ങളായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പായം പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ഒരുമ ചെയർമാൻ സിദ്ദീഖ് കുഞ്ഞിക്കണ്ടി അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായി. ഒരുമ ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി, ട്രഷറർ കെ.ടി. ഇബ്രാഹിം, പഞ്ചായത്ത് അംഗം അനിൽ എം.കൃഷ്ണൻ, സമീർ, പി.കെ. റാഫി, സി.എച്ച്. മുഹമ്മദ് കുട്ടി, റഫീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.