ഇരിട്ടി: വേതനം നൽകാത്തതിനെ തുടർന്ന് ശുചീകരണ തൊഴിലാളികളുടെ വരവ് കുറഞ്ഞതോടെ നഗരസഭയുടെ അത്തിത്തട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ജൈവ, അജൈവ മാലിന്യങ്ങളുടെ വേർതിരിവ് മന്ദഗതിയിലായി. ഇതോടെ പ്രദേശത്ത് മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞു നാറുകയാണ്. നാടും നഗരവും ശുചീകരിക്കാൻ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പ്രചാരണ കോലാഹലങ്ങൾ സംഘടിപ്പിക്കുമ്പോഴാണ് മാലിന്യ സംസ്കരണ കേന്ദ്രം ഒരു പ്രദേശത്തെ മലീമസമാക്കുന്നത്.
സംസ്കരണ കേന്ദ്രത്തിലെ ഏഴു ശുചീകരണ തൊഴിലാളികൾക്ക് മൂന്നുമാസമായി വേതനം ലഭിച്ചിട്ടില്ല. വേതനം കുടിശ്ശികയായതോടെ ജോലിക്കെത്തുന്നവരുടെ എണ്ണം മൂന്നു പേരിലേക്ക് ചുരുങ്ങിയതോടെയാണ് മാലിന്യങ്ങളുടെ വേർതിരിവ് മന്ദഗതിയിലായത്.
അജൈവമാലിന്യങ്ങൾ ഗ്രീൻ വേവ്സ് കമ്പനിക്ക് കൈമാറുകയും പ്ലാസ്റ്റിക്ക് കുപ്പികളും ജൈവ മാലിന്യങ്ങളിൽപ്പെടുന്ന കാർഡ് ബോർഡ് പോലുള്ള വസ്തുക്കളും വിറ്റു കിട്ടുന്ന വരുമാനവും കടകളിൽനിന്നും വ്യക്തികളിൽനിന്നും യൂസർ ഫീ ഇനത്തിൽ ലഭിക്കുന്ന വരുമാനവും ചേർത്താണ് തൊഴിലാളികൾക്ക് വേതനം നൽകിയിരുന്നത്. പ്രതിദിനം 350 രൂപയാണ് തൊഴിലാളികൾക്ക് നൽകേണ്ടത്.
തുച്ഛമായ വേതനംപോലും യഥാസമയം നൽകാൻ കഴിയാത്തതിനാൽ തൊഴിലാളികൾ അസംതൃപ്തിയിലുമാണ്. ആവശ്യത്തിന് സുരക്ഷാ പ്രതിരോധ മാർഗങ്ങൾ തൊഴിലാളികൾക്ക് നൽകാനും ബന്ധപ്പെട്ടവർക്ക് കഴിയുന്നല്ല. ഗാന്ധിജയന്തി ദിനത്തിൽ നാടാകെ നടന്ന ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി വൻതോതിൽ മാലിന്യങ്ങളാണ് സംസ്ക്കരണ കേന്ദ്രത്തിൽ എത്തിയത്. ഇത് യഥാസമയം വേർതിരിച്ച് മാറ്റാൻ കഴിയാത്തതാണ് മാലിന്യം കുമിഞ്ഞ് കൂടാൻ ഇടയാക്കിയത്.
മാലിന്യങ്ങളുടെ വേർതിരിവ് മന്ദഗതിയിലായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത പറഞ്ഞു. നിലവിലുള്ള തൊഴിലാളികൾ കൃത്യമായി ജോലിക്കെത്താത്തതും പ്രതിസന്ധിയുണ്ടാക്കി. അടുത്തദിവസം മുതൽ നഗരത്തിലെ ശുചീകരണ തൊഴിലാളികളെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റി ശുചീകരണം വേഗത്തിലാക്കുമെന്നും അവർ പറഞ്ഞു.
മാലിന്യ സംസ്കരണം ആധുനികവത്കരിക്കും. നാലു പുരുഷന്മാരും രണ്ടു സ്ത്രീകളുമായി ആറുപേരെ കൂടി അടിയന്തരമായി നിയമിക്കും. നിലവിലുള്ള ജൈവവള നിർമാണ യൂനിറ്റിന് ഡി വാട്ടേട് കമ്പോസ്റ്റിങ് സിസ്റ്റത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവൃത്തി രണ്ടു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഇതോടെ മാലിന്യ സംസ്കരണ സമയത്തുള്ള ദുർഗന്ധം പൂർണമായും ഇല്ലാതാവും. . തുങ്കൂർ മൊഴി മോഡൽ സംസ്കരണ കേന്ദ്രവും ഒരാഴ്ചക്കുള്ളിൽ പ്രവർത്തനസജ്ജമാക്കുമെന്ന് ക്ലീൻസിറ്റി മാനേജർ രാജീവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.