ഇരിട്ടി: കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടിൽ സുഹൈൽ - ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ മകൾ രണ്ടു വയസ്സുകാരി ദിയ ഫാത്തിമയുടെ തിരോധാനത്തിന് ഒമ്പതാണ്ട്.
പൊന്നോമനയുടെ വരവും കാത്ത് കണ്ണീരോടെ വഴിക്കണ്ണുമായി കാത്തിരിക്കയാണ് മാതാപിതാക്കൾ. മകളുടെ തിരോധാനം സംബന്ധിച്ച് ഇരുട്ടിൽ തപ്പുന്ന പൊലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്ക് നയത്തിൽ രോഷം കൊള്ളുകയാണ് ഇവർ.
ഇവരുടെ നാലു മക്കളിൽ രണ്ടാമത്തെ മകളായ ദിയ ഫാത്തിമയെ 2014 ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. അന്ന് രാവിലെ മുതൽ ഉണ്ടായ തോരാത്ത മഴയിൽ വീടിനടുത്തു കൂടിയുള്ള കൈത്തോടിലെ വെള്ളത്തിൽ അബദ്ധത്തിൽ കുട്ടി അകപ്പെട്ടുവെന്നാണ് നാട്ടുകാരും ബന്ധുക്കളും നിഗമനത്തിലെത്തിയത്.
ഇതനുസരിച്ച് ബന്ധുക്കളും നാട്ടുകാരും പൊലീസും പുഴകളിലും മറ്റിടങ്ങളിലും ആഴ്ചകളോളം തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിച്ചവെച്ചു നടക്കാൻ പഠിച്ചു വരുന്ന തങ്ങളുടെ പൊന്നുമോൾ വീടിനടുത്തുനിന്നും 85 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാൻ ഒമ്പതു വർഷം പിന്നിടുമ്പോഴും മാതാപിതാക്കൾക്ക് സാധിച്ചിട്ടില്ല.
കാണാതാകുമ്പോൾ കുട്ടിയുടെ ദേഹത്ത് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു. അന്നത്തെ ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല.
മകളുടെ തിരോധാനം സംബന്ധിച്ച് ഹൈകോടതി അഭിഭാഷകൻ അരുൺ കാരണവർ മുഖേന കുട്ടിയുടെ പിതാവ് 2016ൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തിരുന്നു. കോടതിയുടെ ഇടപെടലിന്റെ ഭാഗമായി 2017 ആഗസ്റ്റിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി ദിനേശ് കശ്യപിന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പ്രേമരാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പുതിയ വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടെ കാണാതായ ദിയ ഫാത്തിമയുടെ രൂപസാദൃശ്യമുള്ള കുട്ടിയെ മറ്റ് മൂന്ന് കുട്ടികൾക്കും ഒരു സ്ത്രീയും പുരുഷനുമൊപ്പം അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കടക്കു മുന്നിൽ നിൽക്കുന്നതായ സി.സി ടി.വി ദൃശ്യം പുറത്തുവന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ അന്വേഷണ സംഘം തയാറായിട്ടില്ല. കഴിഞ്ഞദിവസം ആലുവയിൽ നടന്ന നാടിനെ നടുക്കിയ കുട്ടിയുടെ കൊലപാതക വാർത്ത കൂടി ചേർത്തുവെച്ചാൽ അങ്കമാലിയിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ പല സംശയങ്ങൾക്കും ഇടനൽകുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തലവൻ ഉൾപ്പെടെ സംഘത്തിലെ പല ഉദ്യോഗസ്ഥരും സർവിസിൽനിന്ന് വിരമിച്ചു.
മകളുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കാണിച്ച് ഏതാനും മാസം മുമ്പ് വീണ്ടും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ദിയ ഫാത്തിമയുടെ മാതാപിതാക്കൾ.
പ്രധാനമന്ത്രി, മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് എന്നിവർക്കും രണ്ടു മാസം മുമ്പ് പരാതിയും നൽകിയിട്ടുണ്ട്.
കീഴ്പ്പള്ളിയിലെ കോഴിയോട്ടെ വീട്ടിൽനിന്നും താമസം മാറി നാല് മക്കൾക്കൊപ്പം പുതിയങ്ങാടി ടൗണിനടുത്താണ് ഇപ്പോൾ ഇവർ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.