ഇരിട്ടി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പഴശ്ശി ഉദ്യാനത്തിൽ ശിശിരോത്സവം തുടങ്ങി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കലാ-സാംസ്കാരിക പരിപാടികൾക്കൊപ്പം പുതിയ നാലുതരം റൈഡുകൾകൂടി പ്രവർത്തനം തുടങ്ങി.
സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പെറ്റ് സ്റ്റേഷൻ ഇരിട്ടി നഗരസഭ ചെയർപേഴ്സൻ ശ്രീലതയും വാട്ടർ റോളർ നഗരസഭ കൗൺസിലർ കെ. ബഷീറും നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൻ പി.കെ. ബൽക്കീസ് അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ നജ്മുന്നിസ, ആർ. രാജൻ, വി. ശോഭന എന്നിവർ പങ്കെടുത്തു. അഡ്വഞ്ചർ റോപ്, റോപ്പിലൂടെ നടക്കലും സൈക്ലിങ്ങും കമാന്റോനെറ്റ്, ആകാശത്തൊട്ടിൽ, വാട്ടർ റോളർ, ആകാശത്തോണി, കുട്ടികൾക്കായി ട്രെയിൻ, പെഡൽ കിഡ്സ് ബോട്ടിങ്, മേരി ഗോ റൗണ്ട്, ജംബിങ്, ഷൂട്ടിങ്, അമ്പെയ്ത്ത് തുടങ്ങിയ 20 തരം റൈഡുകൾക്കൊപ്പം പുതുതായി ബോട്ടിങ്, പെറ്റ് സ്റ്റേഷൻ, ബംപർ കാർ, വാട്ടർ സോർബിങ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
ഊഞ്ഞാലുകൾ, പലതരം ഗെയിമുകൾ ഉൾപ്പെടെ ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. കലാ-സാമൂഹിക, സാംസ്കാരിക പരിപാടികൾ നടത്തുന്ന ആംഫി തിയറ്റർ വിവിധ പരിപാടികൾക്ക് വേദിയാവുകയാണ്. ശിശിരോത്സവകാലത്ത് ഗാനമേള, സാംസ്കാരിക സായാഹ്നം, മാജിക്ക് ഷോ, നാട്ടറിവ് പാട്ടുകൾ, മാപ്പിളപ്പാട്ട്, കോമഡി ഷോ, പുസ്തകോത്സവം, കൃഷിപാഠശാല, മാർഗദർശി സംരംഭകത്വ പാഠശാല, കുടുംബശ്രീ മേള, ന്യൂ ഇയർ രാവ്, പ്രഭാഷണം, പ്രതിഭ സംഗമം, രുചിയറിവുകൾ, ചിത്രകലാമേള, കരകൗശല വിപണനമേള, കലാ-സാഹിത്യ-വൈജ്ഞാനിക പ്രതിഭകൾക്ക് ആദരം തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ വിവിധ റൈഡറുകൾ, ഫുഡ്കോർട്ട്, സസ്യ-ഫല-പുഷ്പ പ്രദർശനവും ശിശിരോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി നിരവധി സഞ്ചാരികളാണ് പഴശ്ശിയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.