ഇരിട്ടി: നീണ്ട കാത്തിരിപ്പിനൊടുവിൽ കേരള-കർണാടക സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പൊലീസിന് പരിശോധനകേന്ദ്രത്തിനുള്ള കെട്ടിടം യഥാർഥ്യമായി. കൂട്ടുപുഴ പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടം ഞായറാഴ്ച രാവിലെ 10.30ന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കണ്ണൂർ റൂറൽ എസ്.പി എം. ഹേമലത അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കൂട്ടുപുഴ പാലത്തിന് സമീപം 320 ചതുരശ്ര അടിയിൽ വരാന്ത, വിശ്രമ മുറി, ശുചിമുറി എന്നീ സൗകര്യങ്ങളോടുകൂടിയ എയ്ഡ് പോസ്റ്റ് കെട്ടിടം പണിതത്. സംസ്ഥാനാതിർത്തിയായ കൂട്ടുപുഴയിൽ പൊലീസുകാർക്ക് ചെക്ക്പോസ്റ്റ് കെട്ടിടം ഒരുക്കാത്ത അധികൃതരുടെ അവഗണന മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയതിനെ തുടർന്നാണു അതിർത്തിയിൽ പൊലീസിനായി ചെക്ക് പോസ്റ്റ് കെട്ടിടം ഒരുക്കാൻ ആസ്തി വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ സണ്ണി ജോസഫ് എം.എൽ.എ അനുവദിച്ചത്. രണ്ടുവർഷം മുമ്പുതന്നെ എം.എൽ.എ ഫണ്ട് അനുവദിച്ചെങ്കിലും വിവിധ തടസ്സങ്ങൾ നേരിട്ടതോടെ ഭരണാനുമതി വൈകി. കൂട്ടുപുഴ പാലത്തിനു സമീപം പുഴ പുറമ്പോക്കിന്റെ ഭാഗമായ സ്ഥലം പായം പഞ്ചായത്ത് അനുവദിച്ചതോടെയാണു ആറുമാസം മുമ്പ് കെട്ടിടം പണി ആരംഭിക്കുന്നതിനു സാഹചര്യം ഒരുങ്ങിയത്.
കൂട്ടുപുഴയിൽ മോട്ടർ വാഹന വിഭാഗത്തിനും എക്സൈസിനും ചെക്ക്പോസ്റ്റ് കെട്ടിടങ്ങൾ സ്വന്തമായി നേരത്തേയുണ്ട്. അതിർത്തിയായതിനാൽ വർഷം മുഴുവൻ 24 മണിക്കൂറും നക്സൽ വിരുദ്ധ സേനാംഗം ഉൾപ്പെടെ പൊലീസിന് ഇവിടെ പരിശോധനഡ്യൂട്ടിയുണ്ട്. കുടിവെള്ളം, ശുചിമുറി, വസ്ത്രം മാറാനുള്ള സൗകര്യം എന്നിവ ഒന്നും ഇല്ലാതെയായിരുന്നു ഇവിടെ പൊലീസ് പരിശോധന നടത്തിയിരുന്നത്. എയ്ഡ് പോസ്റ്റ് കെട്ടിടം മാത്രമാണു പൂർത്തീകരിച്ചത്. വൈദ്യുതി ലഭിച്ചിട്ടില്ല. വൈദ്യുതീകരണ പ്രവൃത്തി ടെൻഡർ ഘട്ടത്തിലാണെന്നും 15 ദിവസത്തിനകം വൈദ്യുതീകരണം നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴയിൽ പൂർത്തിയായ കെട്ടിടത്തിലേക്കു പൊലീസിനു മാറാൻ ക്രമീകരണം ഒരുക്കന്നതിനാണു വൈദ്യുതീകരണം നടത്തുംമുമ്പ് ഉദ്ഘാടനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.