ഇരിട്ടി: മഴയായാലും വെയിലായാലും നേരംപോക്കുകാർക്ക് എന്നും ദുരിതമാണ്. ഒറ്റ മഴപെയ്താൽ റോഡ് തോടാകും. വെയിലായാലോ പിന്നെ പൊടിശല്യമാണ്. ഇരിട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് നേരംപോക്ക് റോഡ്.
ഇരിട്ടി താലൂക്ക് ആശുപത്രി, അഗ്നിശമനസേന നിലയം, ബി.എസ്.എൻ.എൽ ഓഫിസ്, സബ് ആർ.ടി ഓഫിസ്, സബ് ട്രഷറി, ലേബർ ഓഫിസ്, സ്റ്റേറ്റ് വെയർ ഹൗസ് , രണ്ട് റേഷൻ കടകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റ് , ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ, പ്രഗതി വിദ്യാനികേതൻ, പ്രഗതി കരിയർ ഗൈഡൻസ്, ഫാൽക്കൺ പ്ലാസ, തുളസി മലബാർ ഹോസ്പിറ്റൽ, ഇരിട്ടി കോഓപറേറ്റീവ് റൂറൽ ബാങ്ക് അടക്കം നാലോളം ബാങ്കിങ് സ്ഥാപനങ്ങൾ, മെഡിക്കൽ ഷോപ്പുകൾ, പ്രധനപ്പെട്ട ക്ഷേത്രങ്ങളായ കീഴൂർ മഹാദേവ ക്ഷേത്രം, മഹാ വിഷ്ണുക്ഷേത്രം, നിരവധി ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്ന ഇടവും നിരവധി വ്യാപാരസ്ഥാപനങ്ങളും ഈ റോഡിന്റെ ഭാഗമാണ്.
പതിറ്റാണ്ടുകൾക്ക് മുൻപേ ഈറോഡിന്റെ പ്രാധാന്യം ഏറെ വലുതായിരുന്നു. ഇരിട്ടിയിലെ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും ഈ റോഡിലായിരുന്നു. ബ്ലോക്ക് ഓഫിസും, ലാൻഡ് ട്രൈബ്യുണലും മൃഗാശുപത്രിയുമടക്കം നിലനിന്നിരുന്ന റോഡ്. എന്നാൽ ഇരിട്ടി ഒന്നാകെ വികസിച്ചപ്പോഴും നേരംപോക്ക് റോഡിന് ഒരു മാറ്റവുമുണ്ടായില്ല.
രണ്ടു വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്ത റോഡിൽ ഏതുനേരവും ഗതാഗത സതംഭനമാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് വാഹനബാഹുല്യം എത്രയോ ഇരട്ടിയായി വർധിച്ചിട്ടും ഇരിട്ടി പട്ടണം നാൾക്കുനാൾ വികസിച്ചിട്ടും ഈ റോഡ് വികസിപ്പിക്കാനുള്ള ഒരു നടപടിയും ഉണ്ടാവുന്നില്ല.
ഒരു മഴപെയ്താൽ റോഡ് തൊടാകുന്നു. കെ.കെ. ബാർ റോഡിലൂടെ കുത്തിയൊഴുകിവരുന്ന കലങ്ങിമറിഞ്ഞ വെള്ളം മുഴുവൻ ഈ റോഡിലേക്കാണ് എത്തുന്നത്. ഈ ചളിവെള്ളത്തിലൂടെ തുഴഞ്ഞുവേണം ജനങ്ങൾ നടക്കാൻ. ഇതിനിടയിൽ വരുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ കുളിപ്പിക്കുന്നതും കടകളിലേക്ക് അഴുക്കുവെള്ളം തെറിക്കുന്നതും മഴക്കാലത്തെ നിത്യസംഭവം. വേനലയാൽ സംഭവം മാറുകയാണ്.
മഴക്കാലത്ത് റോഡിലും റോഡരികുകളിലും വന്ന് നിറയുന്ന മണ്ണ് കച്ചവടസ്ഥാപനങ്ങൾക്കും വഴിയാത്രക്കാർക്കും ശല്യം തീർക്കുന്നു. പൊടിശല്യം കടകളെ മുഴുവൻ മണ്ണിൽ പൊതിയും. ഈ ദുരവസ്ഥക്ക് എന്ന് പരിഹാരം ഉണ്ടാകും എന്നാണ് ഈ റോഡിലെ സ്ഥാപങ്ങളിലുള്ളവരും റോഡിനെ നിത്യവും ഉപയോഗിക്കുന്ന വാഹന ഡ്രൈവർമാരും നാട്ടുകാരും ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.