ഇരിട്ടി: കനാൽ ചോർച്ചയെ തുടർന്ന് നിർത്തിവെച്ച ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽ പരീക്ഷണ അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം തുടങ്ങി. കെ.എസ്.ഇ.ബിയുടെ ഉന്നതതല നിർദേശത്തെ തുടർന്നാണ് ഉൽപാദനം തുടങ്ങിയത്. നേരത്തെ കനാലിൽ വെള്ളം ഒഴുകിയപ്പോൾ ചോർച്ചയെ തുടർന്ന് താഴ്ഭാഗത്തെ വീടുകൾ ഭീഷണിയിലായിരുന്നു. ഈ പ്രശ്നം പരിഹരിക്കാതെ ഉൽപാദനം പുനരാരംഭിക്കരുതെന്ന നിർദേശം ലംഘിച്ചതിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പവർഹൗസിൽ എത്തി പ്രതിഷേധം അറിയിച്ചു.
കൂടുതൽ അപകട ഭീഷണിയിലായ വീടിന്റെ ഉടമ കുറ്റിയാനിക്കൽ ബിനോയിയും പ്രതിഷേധം ഉയർത്തി. കനാലിലൂടെ 30 സെന്റീമീറ്റർ ഉയരത്തിൽ മാത്രമാണ് ഉയർത്തിയതെന്നും കെ.എസ്.ഇ.ബിയുടെ ജനറേഷൻവിഭാഗം ഡയറക്ടർ ഉൾപ്പെടുന്ന ഉന്നതതല സംഘം വെള്ളിയാഴ്ച സ്ഥലത്ത് എത്തുന്നതിന് മുന്നോടിയായി സാഹചര്യങ്ങൾ പഠിക്കുന്നതിന് കൂടിയാണ് നടപടിയെന്നാണ് ബാരാപ്പോൾ അധികൃതരുടെ വിശദീകരണം. കുറ്റ്യാനിക്കൽ ബിനോയിയുടെ വീടിന് പിറകുവശത്തുള്ള കനാലിലൂടെ വെള്ളം ഒഴുകുന്നുണ്ട്. കഴിഞ്ഞ തവണ ഇതുവഴി എത്തിയ വെള്ളം നിറഞ്ഞു കവിഞ്ഞാണ് വീട് അപകട ഭീഷണിയിലായത്. കനാലിൽ കൂടുതൽ വെള്ളം ഉയരുന്ന സാഹചര്യമുണ്ടായാൽ താനും കുടുംബവും കടുത്ത അപകടത്തിലാകുമെന്നും കെ.എസ്.ഇ.ബിയുടെ നിലപാട് നീതികേടാണെന്നും ബിനോയ് ആരോപിച്ചു. രണ്ടര മെഗാവാട്ടാണ് ബാരാപോളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, ഐസക്ക് ജോസഫ്, സീമാ സനോജ്, സജി മച്ചിത്താനി, വില്ലേജ് ഓഫീസർ കെ.വി. ജിജു എന്നിവർ ഉൾപ്പെടുന്ന സംഘം ബാരാ പോൾ പവർഹൗസും അപകടാവസ്ഥയിലായ വീടും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.