ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ ജൽജീവൻ മിഷന്റെ ശുചീകരണ പ്ലാന്റിന്റെ നിർമാണസമയത്ത് അഞ്ചാം കമ്പനിയിൽ പൊളിഞ്ഞ റോഡ് പുനർനിർമിക്കാത്തതിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.
നിർമാണം പുരോഗമിക്കുന്ന പ്ലാന്റിന് മുന്നിലൂടെ പോകുന്ന റോഡിന്റെ 40 മീറ്ററോളം ഭാഗം പുനർനിർമിച്ചു തരാമെന്ന് ജല അതോറിറ്റി ഉറപ്പ് നൽകിയിരുന്നത് പാലിക്കാതെ വന്നതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി മുന്നോട്ടുവന്നത്.
റോഡിന്റെ മറ്റുഭാഗത്തെ നവീകരണ പ്രവൃത്തി പഞ്ചായത്ത് പൂർത്തിയാക്കിയെങ്കിലും ജല അതോറിറ്റി പൂർത്തിയാക്കേണ്ട 40 മീറ്റർ വരുന്ന ഭാഗം മണ്ണും കല്ലുമായി അപകടാവസ്ഥയിലാണ്. ആദ്യ വേനൽ മഴയിൽ തന്നെ റോഡിൽ ചെളി നിറഞ്ഞതോടെ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്തവിധം റോഡ് അപകടം നിറഞ്ഞതായി മാറി. റോഡിന്റെ ഒരുവശം വലിയ കുഴിയായതുകൊണ്ട് വാഹനങ്ങൾ ചെളിയിൽ തെന്നി മാറി അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
റോഡിന്റെ പുനർനിർമാണ സമയത്ത് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികൾക്ക് ജല അതോറിറ്റി എ.ഇ നൽകിയ ഉറപ്പാണ് മാസങ്ങളായി പാലിക്കാതെ കിടക്കുന്നത്.
മറ്റുഭാഗത്തെ ജോലികൾ പൂർത്തിയായിട്ടും റോഡിന്റെ ആരംഭത്തിൽതന്നെ യാത്ര യോഗ്യമല്ലാതെ കിടക്കുന്നത് പരിഹരിച്ചില്ലെങ്കിൽ നിർമാണം തടസ്സപ്പെടുത്തി പ്രക്ഷോഭ പരിപാടിയിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.
ശുചീകരണ പ്ലാന്റ് നിർമാണ പ്രവൃത്തി പൂർത്തിയാകാറായിട്ടും റോഡ് നിർമാണത്തിന് ജല അതോറിറ്റി നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.