ഇരിട്ടി: ഉളിക്കൽ ടൗണിനെ വിറപ്പിച്ച് മുൾമുനയിൽ നിർത്തിയ ഒറ്റയാൻ പത്തു മണിക്കൂറോളം നീണ്ട നിതാന്ത പരിശ്രമത്തിനൊടുവിലാണ് ബുധനാഴ്ച കാട് കയറിയത്. വയത്തൂരിൽ നിന്നും പടക്കം പൊട്ടിച്ചും മറ്റും തുരത്തിയ ആനയെ ഇന്നലെ രാത്രി 8.30ഓടെ മാട്ടറ പള്ളിക്ക് സമീപം എത്തിച്ചു. പിന്നീട് ആന എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രിയിൽ ഉറക്കമിളച്ച് ആനയുടെ കാൽപാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ആന മാട്ടറ ഭാഗത്തെ വനാതിർത്തിയിലൂടെ കർണാടക വനത്തിലേക്ക് കടന്നുപോയതായി സ്ഥിരീകരിച്ചത്. ആന കടന്നുപോയ വഴികളിലെ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. സെൻറ് ജോസഫ്സ് ദേവാലയത്തിന്റെ സ്ഥലത്തെ വാഴ, തെങ്ങ്, മരച്ചീനി എന്നിവ നശിപ്പിച്ചു. അമര വയലിൽ അനീഷ് കുമാറിന്റെ മരച്ചീനി തോട്ടവും വയത്തൂരിലെ വർക്കിയുടെ വീടിന്റെ ഗേറ്റും ആന തകർത്തു.
മരണം വന്ന വഴി...
ജോസ് ഉൾപ്പെടെയുള്ള ആൾക്കൂട്ടത്തിന് നേരെ ബുധനാഴ്ച ആന പാഞ്ഞടുത്തപ്പോൾ ജോസ് കൂട്ടം തെറ്റി മറ്റൊരു വഴിയിലൂടെ ഓടി. ഈ ഭാഗത്തേക്ക് ആനയും ഓടി. ഇതിനിടയിലാണ് ജോസിനെ ആന ആക്രമിച്ചതെന്ന് സംശയിക്കുന്നു. ജോസ് ആനയുടെ മുന്നിൽപ്പെട്ടകാര്യം വനംവകുപ്പോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. എല്ലാവരും ആനയെ ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ടൗണിൽ നിന്നും ആന ഓടിയ വഴിയിൽ പരിശോധനയും ഉണ്ടായിരുന്നില്ല. വൈകിയും ജോസ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ ഉളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.
ജോസിന് കണ്ണീരോടെ വിട...
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം 2.30ഓടെ നെല്ലിക്കാംപൊയിലിൽ എത്തിച്ച മൃതദേഹം ആദ്യം സ്വവസതിയിലും പിന്നീട് നെല്ലിക്കാംപൊയിൽ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെച്ചു. കർഷകരും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മൃതദേഹം ഒരുനോക്ക് കാണുവാനും അന്തിമോപചാരം അർപ്പിക്കാനും എത്തി. വി. ശിവദാസൻ എം. പി, എം.എൽ.എമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസൻ, വത്സൻ തില്ലങ്കേരി, പി. പുരുഷോത്തമൻ, സക്കീർ ഹുസൈൻ, കെ.ടി. ദിലീപ്, എം. രതീഷ്, ബേബി തോലാനി, സി.എൻ. ചന്ദ്രൻ, എം.എസ്. നിഷാദ്, കെ.എൻ.എ. ഖാദർ, സജി കുട്ട്യാനി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വൈകീട്ട് അഞ്ചോടെ മൃതദേഹം നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
സർവകക്ഷി യോഗം അനുശോചിച്ചു
ജോസിന്റെ മരണത്തിൽ അനുശോചിച്ച് ചേർന്ന സർവകക്ഷി യോഗത്തിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം.എൽ.എ, ഫാ. ജോസഫ് കാവനടിയിൽ, സി.ഐ കെ. സുധീർ, ലിസി ഒ.എസ്, സമീറ പള്ളിപ്പാത്ത്, ബേബി തോലാനി, പി.കെ. ശശി, ടോമി മൂക്കനോലിൽ, മുഹമ്മദ് ദാവൂദ്, കെ.വി. നാരായണൻ, കുര്യക്കോസ് കൂമ്പുക്കൽ, ടോമി മാസ്റ്റർ, കെ.ആർ. റജിമോൻ, ബാബുരാജ് ഉളിക്കൽ, ബിനു മുട്ടത്ത്, ടി.കെ. സതീശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.